ത്രില്ലറിൽ എവർട്ടനെ തോൽപ്പിച്ചു ആഴ്‌സണൽ, ഒബമയാങിനു ഇരട്ടഗോളുകൾ

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആവേശപോരാട്ടത്തിൽ എവർട്ടനെ 3-2 തോൽപ്പിച്ചു ആഴ്‌സണൽ. 2020 ൽ ഇത് വരെ തോൽവി വഴങ്ങാത്ത ടീം തിരിച്ചു വരവിന്റെ പാതയിൽ ആണ്. അലക്‌സാണ്ടർ ലാക്കസെറ്റക്ക് പകരം 19 കാരൻ എഡി നെകിതയെ മൈക്കിൾ ആർട്ടെറ്റ കളത്തിൽ ഇറക്കിയപ്പോൾ, ഗുരുതര പരിക്കിൽ നിന്ന് മുക്തനായ ആന്ദ്ര ഗോമസിനെ ആഞ്ചലോട്ടി ടീമിൽ ഉൾപ്പെടുത്തി. എന്നാൽ മികച്ച ഫോമിലുള്ള യുവതാരം ബുകയോ സാക്കക്ക് ആർട്ടെറ്റ വിശ്രമം നൽകി. 1996 നു ശേഷം ഇത് വരെ ആഴ്‌സണലിന്റെ മൈതാനത്ത് ജയിക്കാൻ ആവാത്ത എവർട്ടൻ ആദ്യ മിനിറ്റിൽ തന്നെ ആഴ്‌സണലിനെ ഞെട്ടിച്ചു. മികച്ച ഫോമിലുള്ള ഡൊമനിക് കാൾവർട്ട് ലൂയിൻ മികച്ച ഫിനിഷിലൂടെ ആഞ്ചലോട്ടിയുടെ ടീമിന് ലീഡ് നൽകി. ഇതിനിടയിൽ ലെഫ്റ്റ് ബാക്ക് ആയ കൊലാസിനാച്ചിനു പരിക്ക് ഏറ്റതോടെ സാക്കയെ കളത്തിൽ ഇറക്കാൻ ആഴ്‌സണൽ നിർബന്ധിതമായി.

എന്നാൽ കളത്തിൽ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ ക്രോസിലൂടെ സാക്ക നെകിതക്ക് ഗോൾ അവസരം നൽകി. മനോഹരമായി ഈ പന്ത് വലയിൽ എത്തിച്ച നെകിത ആഴ്‌സണളിനായി സമനില ഗോൾ നൽകി. തുടർന്ന് നിമിഷങ്ങൾക്ക് അകം എവർട്ടൻ പ്രതിരോധത്തെ കീറി മുറിച്ചു ഡേവിഡ് ലൂയിസ് നൽകിയ പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വലയിൽ എത്തിച്ച ഒബമയാങ് ആഴ്‌സണലിന് ലീഡ് നൽകി. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷം കോർണറിൽ നിന്ന് ലെനോയുടെ അബദ്ധം മുതലെടുത്ത റിച്ചാർലിസൻ എവർട്ടനെ മത്സരത്തിൽ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ ആദ്യ നിമിഷം തന്നെ പെപ്പെയുടെ ക്രോസ്‌ മനോഹരമായ ഒരു ഹെഡറിലൂടെ ലക്ഷ്യം കണ്ട ഒബമയാങ് വീണ്ടും ആഴ്‌സണലിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. ഒബമയാങിന്റെ സീസണിലെ 17 മത്തെ പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്. ഇതോടെ ലീഗിൽ ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ വാർഡിക്ക് ഒപ്പം എത്തി ഒബനയാങ്.

പ്രീമിയർ ലീഗിലെ ആഴ്സണലിന് ആയുള്ള 49 ഗോൾ കൂടി ആയിരുന്നു ഒബനയാങിനു ഇത്. തുടർന്ന് ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ അഴിച്ചു വിട്ടപ്പോൾ മത്സരം കടുത്തു. അതിനിടയിൽ കാൾവർട്ട് ലൂയിൻ, റിച്ചാർലിസൻ എന്നിവരുടെ ഗോൾ എന്നുറപ്പിച്ച ഷോട്ടുകൾ രക്ഷിച്ച ലെനോ ആഴ്‌സണലിന്റെ രക്ഷക്ക് എത്തി. മൂന്നര മാസങ്ങൾക്ക് ശേഷം കളത്തിൽ എത്തിയ ആന്ദ്ര ഗോമസ് അവസാന നിമിഷങ്ങളിൽ ആഴ്‌സണലിനു നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതേസമയം നെകിതയുടെ മികച്ച ശ്രമം ബാറിൽ തട്ടി മടങ്ങിയത് എവർട്ടനു ആശ്വാസം ആയി. യുവതാരങ്ങൾക്ക് ഒപ്പം മധ്യനിരയിൽ സെബയോസിന്റെ മികച്ച പ്രകടനവും ആഴ്‌സണൽ പ്രകടത്തിൽ നിർണായകമായി. ആഴ്‌സണലിന്റെ തുടർച്ചയായ മൂന്നാം ജയം ആണ് ഇത്. ജയത്തോടെ ആഴ്‌സണൽ 9 സ്ഥാനത്ത് എത്തി. അഞ്ചാമത് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ വെറും 4 പോയിന്റുകൾ പിറകിലുള്ള ആഴ്‌സണൽ 2020 ൽ ഇത് വരെ പരാജയം അറിഞ്ഞിട്ടില്ല എന്നതും ആർട്ടെറ്റക്ക് ആത്മവിശ്വാസം പകരും.