തോറ്റു മതിയായി! ഇന്ന് ആദ്യ ജയം തേടി ആഴ്‌സണൽ നോർവിച്ചിനു എതിരെ

പ്രീമിയർ ലീഗിൽ ആദ്യ 3 മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ആഴ്സണൽ ഇന്ന് ആദ്യ ജയം തേടി നോർവിച്ച് സിറ്റിയെ നേരിടും. ചരിത്രത്തിൽ ആദ്യമായി ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും തോറ്റ ആഴ്‌സണൽ ബ്രന്റ്ഫോർഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരോട് ആണ് പരാജയം രുചിച്ചത്. ഇതിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കടുത്ത 5-0 പരാജയം ആയിരുന്നു ടീം നേരിട്ടത് എന്നത് മൈക്കിൾ ആർട്ടെറ്റയുടെ ടീമിനെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിരുന്നു. 2012 ൽ തോൽവി വഴങ്ങിയ ശേഷം ഒരിക്കലും ആഴ്‌സണൽ തോൽവി വഴങ്ങാത്ത ടീം ആണ് നോർവിച്ച് എന്നതും പ്രീമിയർ ലീഗിൽ പരസ്പരം ഏറ്റുമുട്ടിയ 18 കളികളിൽ 9 തിലും നോർവിച്ചിനെ തോൽപ്പിച്ച ചരിത്രവും ആഴ്‌സണലിന് തുണയായി ഉണ്ട്. അതിനാൽ തന്നെ പുതുതായി പ്രൊമോഷൻ നേടി എത്തിയ ആഴ്‌സണൽ എന്ന പോലെ ഒരു മത്സരവും ജയിക്കാതെ എത്തിയ നോർവിച്ചിനു എതിരെ ആഴ്‌സണൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആദ്യ ജയം കൈവരിക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കപെടുന്നത്.

ഇത് വരെ ഒരു ഗോൾ പോലും നേടാൻ ആവാത്ത ആഴ്‌സണൽ 1924 നു ശേഷം ആദ്യ 4 ലീഗ് മത്സരങ്ങൾ തോൽക്കുക എന്ന നാണക്കേട് ഒഴിവാക്കാൻ ആണ് ഇന്ന് ഇറങ്ങുക. നോർവിച്ചിനു എതിരെ മികച്ച റെക്കോർഡ് ആണ് ആഴ്‌സണൽ നായകൻ ഒബമയാങിന് ഉള്ളത്. സസ്‌പെൻഷനു പുറമെ കോവിഡ് ബാധിച്ച ശാക്ക, കോവിഡ് മൂലം ബെൻ വൈറ്റ് എന്നിവർ കളിക്കില്ല എങ്കിലും പരിക്കിൽ നിന്നു മുക്തരായി വരുന്ന തോമസ് പാർട്ടി, നിക്കോളാസ് പെപെ എന്നിവർ ടീമിൽ തിരിച്ചെത്തും എന്നാണ് ആഴ്‌സണൽ പ്രതീക്ഷ. ഒപ്പം പ്രതിരോധത്തിൽ ഗബ്രീയേലിന്റെ മടങ്ങി വരവ് ആഴ്‌സണലിന് വലിയ കരുത്ത് ആവും. ഒഡഗാർഡ്, സ്മിത്ത് റോ, സാക്ക, ഒബാമയാങ് എന്നിവരുടെ മികവിൽ വലിയ ജയം നേടാൻ ആവും ആഴ്‌സണൽ ശ്രമം. അതേസമയം ലെസ്റ്റർ സിറ്റിക്ക് എതിരെ കഴിഞ്ഞ മത്സരത്തിൽ നടത്തിയ പോരാട്ട വീര്യം ആവർത്തിക്കാൻ ആവും നോർവിച്ച് ശ്രമം. മധ്യനിരയിൽ ചെൽസിയിൽ നിന്നു ലോണിൽ എത്തിയ ബില്ലി ഗിൽമോറും മുന്നേറ്റത്തിൽ പുക്കി, കാന്റ്വൽ, രാശിക എന്നിവരും ആഴ്‌സണൽ പ്രതിരോധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മിടുക്കുള്ളവർ ആണ്. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 7.30 നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം.