ആൻഫീൾഡിൽ വീണ്ടും ആഴ്‌സണൽ വധം, വമ്പൻ ജയം എന്ന പതിവ് തുടർന്ന് ലിവർപൂൾ!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ സമീപകാലത്തെ മികച്ച പ്രകടനം ഒന്നും ആൻഫീൾഡിൽ ലിവർപൂളിന് എതിരെ ആഴ്‌സണലിന്റെ രക്ഷക്ക് എത്തിയില്ല. സമീപകാലത്ത് തങ്ങളുടെ ഏറ്റവും ദുഃസ്വപ്നമായ മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആഴ്‌സണൽ പരാജയം സമ്മതിച്ചത്. ആൻഫീൾഡിൽ ആഴ്‌സണലിന് എതിരെ വലിയ ജയം എന്ന പതിവ് ക്ലോപ്പും സംഘവും ഇന്നും ആവർത്തിച്ചു. ലിവർപൂളിന് എതിരെ മികച്ച രീതിയിൽ പൊരുതി തന്നെയാണ് ആഴ്‌സണൽ മത്സരം തുടങ്ങിയത്. ലിവർപൂളിന് പന്ത് നൽകി പ്രത്യാക്രമണം നടത്തുക എന്നത് ആയിരുന്നു മൈക്കിൾ ആർട്ടെറ്റയുടെ തന്ത്രം. ഇത് ആദ്യ പകുതിയിൽ ആദ്യ സമയങ്ങളിൽ ആഴ്‌സണൽ നന്നായി നടപ്പിൽ വരുത്തുകയും ചെയ്തു. ഇടക്ക് ടച്ച് ലൈനിൽ പരിശീലകർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം ഉണ്ടായപ്പോൾ ഇരു പരിശീലകരും മഞ്ഞ കാർഡും കണ്ടു.

ഇടക്ക് ലിവർപൂൾ മുന്നേറ്റങ്ങൾ ആഴ്‌സണൽ ഗോൾ കീപ്പർ റാമ്സ്ഡേൽ തടയുന്നതും കണ്ടു. എന്നാൽ ആഴ്‌സണലിന്റെ മികച്ച പരിശ്രമം എല്ലാം വെള്ളത്തിൽ ആവുന്ന കാഴ്ചയാണ് 39 മത്തെ മിനിറ്റിൽ കണ്ടത്‌. അലക്‌സാണ്ടർ അർണോൾഡിന്റെ അതുഗ്രൻ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ സാദിയോ മാനെ ലിവർപൂളിന് നിർണായക ആദ്യ ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ തുടർന്ന് കണ്ടത് തങ്ങളുടെ കുഴി സ്വയം വെട്ടുന്ന ആഴ്‌സണലിനെ ആണ്. നിരന്തരം അബദ്ധങ്ങൾ വരുത്തിയ ആഴ്‌സണൽ താരങ്ങൾ വലിയ പരാജയം ക്ഷണിച്ചു വരുത്തുക ആയിരുന്നു. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധ താരം നുനോ ടവാരസ് അബദ്ധത്തിൽ നൽകിയ പന്ത് മികച്ച രീതിയിൽ ലക്ഷ്യം കണ്ട ഡീഗോ ജോട്ട ആഴ്‌സണലിന് എതിരായ തന്റെ ഗോളടി മികവ് തുടർന്നു. പോർച്ചുഗീസ് താരത്തിന്റെ വലിയ അബദ്ധം ആണ് ഈ ഗോളിന് വഴി വച്ചത്.

തുടർന്നും ഗോളിനായി ദാഹിച്ച് അവസരങ്ങളും കോർണറുകളും സൃഷ്ടിക്കുന്ന ലിവർപൂളിനെ ആണ് കാണാൻ ആയത്. റാമ്സ്ഡേൽ പരമാവധി ശ്രമിച്ചു എങ്കിലും അതിമനോഹരമായ പ്രത്യാക്രമണത്തിൽ ജോട്ട നൽകിയ പന്ത് സലാഹിന് മറിച്ചു നൽകിയ മാനെ ലിവർപൂളിന് മൂന്നാം ഗോളിനും അവസരം ഒരുക്കി. അനായാസം ലക്ഷ്യം കണ്ട സലാഹ് സീസണിലെ പതിനൊന്നാം ഗോൾ ആണ് നേടിയത്. തുടർന്ന് 77 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങി ഗോൾ കണ്ടത്തിയ മിനമിനോയുടെ ഊഴം ആയിരുന്നു. സലാഹും അർണോൾഡും നടത്തിയ നീക്കത്തിന് ഒടുവിൽ അർണോൾഡിന്റെ പാസിൽ നിന്നു മിനമിനോ ലക്ഷ്യം കാണുക ആയിരുന്നു. മത്സരത്തിലെ രണ്ടാം അസിസ്റ്റ് ആയിരുന്നു അർണോൾഡിനു ഇത്. ലിവർപൂൾ അടക്കമുള്ള ടീമുകളും ആയുള്ള യുവ ആഴ്‌സണൽ ടീമിന്റെ അന്തരം വ്യക്തമായും എടുത്തു കാണിച്ച മത്സരം ആയിരുന്നു ഇത്. ജയത്തോടെ ചെൽസിയും ആയുള്ള പോയിന്റ് വ്യത്യാസം നാലു ആയി നിലനിർത്താൻ ലിവർപൂളിന് ആയി. ചാമ്പ്യൻസ് ലീഗിൽ സമാന മികവ് തുടരാൻ ആവും ലിവർപൂൾ ശ്രമം എങ്കിൽ ഈ വമ്പൻ പരാജയത്തിൽ നിന്നു അടുത്ത ആഴ്ച കരകയറാൻ ആവും ആഴ്‌സണൽ ശ്രമം.