അവസാന സെക്കന്റിൽ ലാകസറ്റെയുടെ ഗോളിൽ വിയേരയുടെ ടീമിനോട് രക്ഷപ്പെട്ടു ആഴ്‌സണൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ തങ്ങളുടെ ഇതിഹാസ താരം പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിന് എതിരെ പരാജയത്തിൽ നിന്നു രക്ഷപ്പെട്ടു ആഴ്‌സണൽ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 95 മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ അലക്‌സാണ്ടർ ലാകസെറ്റയുടെ ഗോളിൽ ആണ് ആഴ്‌സണൽ പരാജയത്തിന്റെ നാണക്കേട് ഒഴിവാക്കിയത്. മത്സരത്തിൽ മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഗോൾ കണ്ടത്തിയ ആഴ്‌സണൽ മത്സരത്തിൽ മുന്നിലും എത്തി. നിക്കോളാസ് പെപെയുടെ ഗോൾ ശ്രമം പാലസ് ഗോൾ കീപ്പർ കുത്തിയകറ്റിയെങ്കിലും തിരികെ വന്ന പന്ത് വലയിലാക്കിയ ക്യാപ്റ്റൻ ഒബമയാങ് ആഴ്‌സണലിനെ മുന്നിൽ എത്തിക്കുക ആയിരുന്നു. തുടക്കത്തിൽ പതറിയെങ്കിലും മുഖ്യതാരം വിൽഫ്രെയ്‌ഡ് സാഹ ഇല്ലാതെ ഇറങ്ങിയ പാലസ് മത്സരത്തിൽ ആധിപത്യം നേടുന്നത് ആണ് പിന്നീട് കണ്ടത്.

മത്സരത്തിൽ പതുക്കെ ആധിപത്യം നേടിയ വിയേരയുടെ ടീം അവസരങ്ങളും തുറന്നു. എന്നാൽ മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ ആഴ്‌സണൽ ഗോൾ കീപ്പർ ആരോൺ രാമ്ദ്സേൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാൻ കൂട്ടാക്കിയില്ല. ആദ്യ പകുതിയിൽ ബുകയോ സാക്കക്ക് എതിരായ അപകകരമായ ഫൗളിന് റഫറി മക്ആർത്തർക്ക് വെറും മഞ്ഞ കാർഡ് നൽകിയതും കാണാൻ ആയി. തുടർന്ന് രണ്ടാം പകുതിയിൽ ആഴ്‌സണലിന് സാക്കയെ പിൻവലിച്ച് സാമ്പിയെ ഇറക്കേണ്ടി വന്നു. രണ്ടാം പകുതിയിലും പാലസ് തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തുന്നത് ആണ് കാണാൻ ആയത്. ഇതിന്റെ ഫലം ആയിരുന്നു ബെന്റെക്കെ നേടിയ പാലസിന്റെ സമനില ഗോൾ. 50 മിനിറ്റിൽ മധ്യനിരയിൽ തോമസ് പാർട്ടി വരുത്തിയ ഗുരുതരമായ പിഴവ് ആണ് പാലസിന് സമനില ഗോൾ സമ്മാനിച്ചത്. തുടർന്ന് ഒഡഗാർഡിനു പകരം ആഴ്‌സണൽ ലാകസെറ്റയെ കൊണ്ടുവന്നതോടെ ആഴ്‌സണൽ കൂടുതൽ ഉണർന്നു കളിക്കാൻ തുടങ്ങി. ലാകസെറ്റയും ഒബാമയാങും ഇടക്ക് മികച്ച അവസരങ്ങളും സൃഷ്ടിച്ചു.

എന്നാൽ 73 മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിലൂടെ ഗോൾ കണ്ടത്തിയ എഡാർഡ് പാലസിന് രണ്ടാം ഗോൾ സമ്മാനിച്ചതോടെ എമിറേറ്റ്‌സ് നിശബ്ദമായി. മധ്യനിരയിൽ സാമ്പി വരുത്തിയ മറ്റൊരു പിഴവ് ആണ് ആഴ്‌സണലിന് വലിയ വിനയായത്. ഇതോടെ ആഴ്‌സണൽ കൂടുതൽ അക്രമണത്തിലേക്കും പാലസ് പ്രതിരോധതിലേക്കും വലിഞ്ഞു. ഇടക്ക് ലാകസെറ്റയുടെ മികച്ച ശ്രമം പാലസ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. 87 മിനിറ്റിൽ ടിയേർണിയുടെ അതുഗ്രൻ അടി ഗോൾ ബാറിൽ തട്ടി മടങ്ങുന്നതും മത്സരത്തിൽ കാണാൻ ആയി. പകരക്കാരൻ ആയി ഇറങ്ങിയ മാർട്ടിനെല്ലിയും പാലാസ് പ്രതിരോധം പരീക്ഷിച്ചു. പ്രതീക്ഷ കൈവിടാതെ ആക്രമിച്ച ആഴ്‌സണലിന് അവസാന സെക്കന്റിൽ പാലസ് പ്രതിരോധത്തിലെ കൂട്ടപ്പൊരിച്ചിലിന് ഇടയിൽ ആണ് ലാകസറ്റെ സമനില ഗോൾ സമ്മാനിച്ചത്. തോൽവി ഒഴിവാക്കി എങ്കിലും ആഴ്‌സണലിനും അവസാന നിമിഷം ജയം കൈവിട്ടതിനു പാലസിനും നിരാശ ആണ് മത്സരം നൽകിയത്. ആഴ്‌സണലിൽ പരിശീലകൻ ആയി മടങ്ങിയെത്തിയ വിയേരക്കു മികച്ച വരവേൽപ്പ് തന്നെയാണ് ആഴ്‌സണൽ ആരാധകർ നൽകിയത്. സമനിലയോടെ ആഴ്‌സണൽ നിലവിൽ പത്രണ്ടാം സ്ഥാനത്തും പാലസ് 14 സ്ഥാനത്തും ആണ്.