സമനിലകൾ മടുത്തു, ഇനി ജയിച്ചു തുടങ്ങണം, ജയം തേടി ആഴ്‌സണൽ ഇന്ന് ആസ്റ്റൻ വില്ലക്ക് എതിരെ

Screenshot 20211022 044506

പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷം വീണ്ടും ജയിച്ചു തുടങ്ങാൻ ആഴ്‌സണൽ ഇന്ന് ആസ്റ്റൻ വില്ലക്ക് എതിരെ. രാത്രി ഇന്ത്യൻ സമയം 12.30 നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വീണ്ടും ജയിച്ചു തുടങ്ങുക എന്ന ഉദ്ദേശം മാത്രം ആണ് ആഴ്‌സണലിനു ഉള്ളത്. സമീപകാലത്ത് ആഴ്‌സണലിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ ടീം ആണ് ആസ്റ്റൻ വില്ല. കഴിഞ്ഞ സീസണിൽ ആഴ്‌സണലിനെ രണ്ടു കളികളിലും തോൽപ്പിച്ച വില്ല തുടർച്ചയായ നാലാം ജയം ആണ് ആഴ്‌സണലിനു എതിരെ ലക്ഷ്യം വക്കുന്നത്. ഒപ്പം എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മോശം അല്ലാത്ത റെക്കോർഡും അവർക്ക് ഉണ്ട്. ആഴ്‌സണലിന് എതിരെ കളിച്ച നാലിൽ മൂന്നു കളികളും വില്ല പരിശീലകൻ ഡീൻ സ്മിത്ത് ജയിച്ചിട്ടുണ്ട്. ഒപ്പം ആഴ്‌സണലിന് എതിരെ കഴിഞ്ഞ സീസണിൽ 3 ഗോളുകൾ നേടിയ ഒലി വാകിൻസ് ആഴ്‌സണലിന് വലിയ തലവേദന ആവും എന്നുറപ്പാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച ശേഷം ടോട്ടൻഹാം, വോൾവ്സ് ടീമുകളോട് തോൽവി വഴങ്ങിയാണ് വില്ല ഈ മത്സരത്തിനു എത്തുന്നത്. മുന്നേറ്റത്തിൽ വാകിൻസ്, ഇങ്സ് എന്നിവരും മധ്യനിരയിൽ ബുൻഡിയ, മക്വിൻ എന്നിവരും അപകടകാരികൾ ആണ്. ഒപ്പം മുൻ ആഴ്‌സണൽ കീപ്പർ എമിലിയാനോ മാർട്ടിനസ് വല കാക്കുന്ന മിങ്സ്, കാശ്, ടാർഗറ്റ് എന്നിവർ അടങ്ങുന്ന പ്രതിരോധവും ശക്തമാണ്. ആഴ്‌സണലിന് എതിരെ മറ്റൊരു അട്ടിമറി ആവും വില്ല ലക്ഷ്യം.

അതേസമയം 5 കളികളിൽ പരാജയം അറിഞ്ഞില്ല എങ്കിലും തുടർച്ചയായ സമനിലകളും ആയി ആണ് ആഴ്‌സണൽ ഈ മത്സരത്തിന് എത്തുന്നത്. പ്രതിരോധത്തിൽ വൈറ്റിനും ഗബ്രിയേലിനും തലവേദന സൃഷ്ടിക്കാൻ പോന്നവർ ആണ് വില്ല താരങ്ങൾ. ഒപ്പം മധ്യനിരയിൽ പാർട്ടിക്ക് ഒപ്പം ശാക്ക ഇല്ല എന്നത് എത്രത്തോളം അപകടകരമാണ് എന്നു ക്രിസ്റ്റൽ പാലസ് മത്സരം കാണിച്ചു തന്നു. അതിനാൽ തന്നെ മധ്യനിരയിൽ പാർട്ടിക്ക് ഒപ്പം കൂടുതൽ പ്രതിരോധത്തിൽ സഹായിക്കുന്ന സാമ്പിയെ ആർട്ടെറ്റ കൊണ്ടു വന്നേക്കും. ഒപ്പം കഴിഞ്ഞ കളിയിൽ പരിക്കേറ്റ സാക്ക പരിശീലനത്തിൽ ഏർപ്പെട്ടത് ആഴ്‌സണലിന് നല്ല വാർത്തയാണ്. അവസരങ്ങൾ സൃഷ്ടിക്കേണ്ട ഒഡഗാർഡ്, പെപെ, എമിൽ സ്മിത്ത് റോ എന്നിവർ നിറം മങ്ങുന്നത് ആഴ്‌സണലിന് വലിയ തലവേദന ആണ് നൽകുന്നത്. പലപ്പോഴും വളരെ കുറച്ച് മാത്രം അവസരങ്ങൾ ആണ് ആഴ്‌സണൽ ഉണ്ടാക്കുന്നത്. ഇത് വരെ 8 കളികളിൽ നിന്നു 7 ഗോളുകൾ ആണ് ആഴ്‌സണൽ നേടിയത് എന്നത് ഇതിന്റെ തെളിവ് ആണ്. മുന്നേറ്റത്തിൽ ഒബാമയാങ് ഗോൾ നേടുന്നുണ്ട് എങ്കിലും കഴിഞ്ഞ കളിയിൽ പകരക്കാരൻ ആയി ഇറങ്ങി മത്സരം രക്ഷിച്ച ലാകസെറ്റയെ ആർട്ടെറ്റ ചിലപ്പോൾ ആദ്യ പതിനൊന്നിൽ കൊണ്ടു വന്നേക്കും. അല്ലെങ്കിൽ ഇരുവരെയും ഒന്നിച്ചു കളിപ്പിക്കാനും സാധ്യതയുണ്ട്. അതേസമയം നിരാശ പകരുന്ന പെപെ അടക്കമുള്ളവർക്ക് പകരം യുവ താരങ്ങളായ മാർട്ടിനെല്ലിയെ പോലുള്ളവർക്ക് അവസരം നൽകണം എന്ന ആരാധകരുടെ ആവശ്യം ആർട്ടെറ്റ കണക്കിൽ എടുക്കുമോ എന്നു കണ്ടറിയാം. നിലവിൽ പ്രീമിയർ ലീഗിൽ ആഴ്‌സണൽ പന്ത്രണ്ടാം സ്ഥാനത്തും വില്ല പതിമൂന്നാം സ്ഥാനത്തും ആണ്.

Previous articleറാഷ്ഫോർഡ് ലിവർപൂളിന് എതിരെ കളിക്കും
Next article“ടി20 ലോകകപ്പിൽ ഇന്ത്യ ആണ് ഫേവറിറ്റ്സ്” – ഇൻസമാം