ആദ്യ ജയം നേടി പാലസ്, തലകുനിച്ച് ചെല്‍സി

- Advertisement -

7 മത്സരങ്ങൾ തോറ്റ ലീഗിലെ ഏറ്റവും ദുർബലമായ ടീമിനെ നേരിടാൻ ചെന്ന ചെൽസിക്ക് അപ്രതീക്ഷിത തോൽവി. 2-1 നാണ്‌ചാംപ്യന്മാരെ പാലസ് ഞെട്ടിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ചെൽസിക്ക് ആധിപത്യം നേടാൻ അനുവദിക്കാതെ കളിച്ച ക്രിസ്റ്റൽ പാലസ് സീസണിലെ ആദ്യ ജയം വമ്പന്മാർക്കെതിരെ തന്നെ കരുതി വച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. പരിക്ക് മാറി ടീമിലെത്തിയ സാഹയുടെയും ടൗൻസെന്റിന്റെയും പ്രകടനമാണ് റോയ് ഹുഡ്സന് പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവിലെ ആദ്യ ജയം സമ്മാനിച്ചത്.

മത്സരം തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ പാലസ് ചെൽസിയെ ആക്രമിച്ചു തുടങ്ങി. ഇതുവരെ കണ്ട പാലസിൽ നിന്നും വിഭിന്നമായി വ്യക്തമായ ഗെയിം പ്ലാനോടെയാണ് പാലസ് ഇറങ്ങിയത് എന്ന് വ്യക്തമായിരുന്നു. പരിക്ക് മാറി പാലസ് ആക്രമണ നിരയിലേക്ക് മടങ്ങി എത്തിയ വിൽഫ്രഡ് സാഹ ചെൽസി പ്രതിരോധക്കാർക്ക് പ്രശ്നങ്ങളുണ്ടാക്കി. 11 ആം മിനുട്ടിലാണ് പാലസിന്റെ സീസണിലെ ആദ്യ ഗോൾ പിറന്നത്. കബായെയുടെ ഷോട്ട് ആസ്പിലിക്വറ്റയുടെ ദേഹത്ത് തട്ടി ചെൽസി വലയിൽ പതിച്ചു. എന്നാൽ ഏറെ വൈകാതെ ഫാബ്രിഗാസിന്റെ കോർണർ ഹെഡ്ഡറിലൂടെ വലയിലാക്കി ബകയോക്കോ ചെൽസിയുടെ സമനില ഗോൾ കണ്ടെത്തി. ചെൽസിക്കായി ബകയോകോയുടെ പ്രീമിയർ ലീഗിലെ ആദ്യ ഗോളായിരുന്നു അത്. പക്ഷെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ സാഹ പാലസിന് ലീഡ് സമ്മാനിച്ചു. വില്ലിയനിൽ നിന്ന് പന്ത് കയ്യിലാക്കി മാമ്മദു സാക്കോ നൽകിയ പാസ്സ് ഗോളാക്കിയാണ് സാഹ ലീഡ് നേടിയത്.

രണ്ടാം പകുതിയിൽ ചെൽസി സമനില ഗോളിനായി ശ്രമിച്ചെങ്കിലും പാലസ് നന്നായി പ്രതിരോധിച്ചതോടെ ചെൽസിക്ക് നിരാശയായി ഫലം. ഇതിനിടെ പരിക്കേറ്റ മോസസിന് പകരം സപകോസ്റ്റയെയും വില്ലിയന്റെ പകരം മുസോണ്ടയെയും ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. മുൻ നിരയിൽ ഒന്നും ചെയ്യാനാവാതെ വിഷമിച്ച ബാത്ശുവായിക്ക് പകരം പെഡ്രോ ഇറങ്ങിയതും കാര്യമായ ഫലം ചെയ്തില്ല. സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ പാലസ് റോയ് ഹുഡ്സന് കീഴിൽ ആത്മവിശ്വാസം കൈവരിച്ച കാഴ്ചയാണ് പാലസിന്റെ സ്വന്തം മൈതാനത്ത് കണ്ടത്.

തുടർച്ചയായ 2 തോൽവികൾ വഴങ്ങിയതോടെ ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേയും പ്രതിരോധത്തിലാവും. ടീം സെലെക്ഷണിൽ അടക്കം വരുത്തിയ പിഴവുകളും ചെൽസിക്ക് തിരിച്ചടിയായി എന്ന് ഇന്നത്തെ മത്സരത്തിൽ നിന്ന് വ്യക്തമായി. 8 കളികളിൽ നിന്ന് ചെൽസിക്ക് 13 പോയിന്റാണ് ഉള്ളത്. ഇതോടെ വാട്ട് ഫോഡിന് എതിരായ മത്സരം ചെൽസിക്ക് നിർണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement