Picsart 23 04 15 22 15 27 973

മാജിക്, റോയ് ഹഡ്സൺ മാജിക്! തുടർച്ചയായ മൂന്നാം ജയവുമായി ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റോയ് ഹഡ്സൺ മാജിക് തുടരുന്നു. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബിനെ ഏറ്റെടുത്ത ശേഷം തുടർച്ചയായ മൂന്നാം മത്സരത്തിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ മുൻ ഇംഗ്ലണ്ട് പരിശീലകനു ആയി. ലീഗിലെ അവസാന സ്ഥാനക്കാർ ആയ സൗതാപ്റ്റണിനു എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പാലസ് ജയം കണ്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് പാലസിന്റെ രണ്ടു ഗോളുകളും പിറന്നത്.

54 മത്തെ മിനിറ്റിൽ വോളിയിലൂടെ എബറെചെ എസെ പാൽസിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് 68 മത്തെ മിനിറ്റിൽ ഡെകോറയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ എസെ രണ്ടാം ഗോളും നേടിയതോടെ പാലസ് ജയം ഉറപ്പിച്ചു. മത്സരത്തിൽ എസെ, ഒലിസെ എന്നിവരെ തടയാൻ സൗതാപ്റ്റൺ പ്രതിരോധത്തിന് ഒരുതരത്തിലും തടയാൻ ആയില്ല. ജയത്തോടെ 36 പോയിന്റുകളും ആയി പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന പാലസ് പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള സാധ്യത ഏതാണ്ട് ഉറപ്പിച്ചു. അതേസമയം 23 പോയിന്റുകളും ആയി അവസാന സ്ഥാനത്തുള്ള സൗതാപ്റ്റണിനു ഇനി അത്ഭുതം സംഭവിച്ചാൽ മാത്രമെ തരം താഴ്ത്തൽ ഒഴിവാക്കാൻ ആവുകയുള്ളൂ.

Exit mobile version