സ്വന്തം ഗ്രൗണ്ടിൽ ആഴ്സണലിന് സമനില

മികച്ച ഫോമിലേക്ക് തിരികെ വരികയാണ് എന്ന് കരുതിയ ആഴ്സണൽ വീണ്ടും പിറകോട്ട് പോയിരിക്കുകയാണ്. ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട ആഴ്സണൽ ഗോൾ രഹിത സമനിലയിൽ ആണ് കളി അവസാനിപ്പിച്ചത്. മികച്ച ഒരു അവസരം സൃഷ്ടിക്കാൻ പോലും ഇന്നലെ അർട്ടേറ്റയുടെ ആഴ്സണൽ ടീമിനായില്ല. കളിയിലെ മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് ക്രിസ്റ്റൽ പാലസ് ആയിരുന്നു.

ആദ്യ പകുതിയിൽ ക്രിസ്റ്റൽ പാലസിന്റെ ടോംകിൻസിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ബെന്റകയുടെ ഹെഡർ ലെനോ മനോഹരമായി സേവ് ചെയ്ത് ആഴ്സണലിനെ രക്ഷിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ആഴ്സണൽ കുറച്ച് കൂടെ മെച്ചപ്പെട്ടു എങ്കിലും ഗോൾ നേടാൻ പാകത്തിന് ഒരു അവസരം പിറന്നില്ല. 18 മത്സരങ്ങളിൽ 24 പോയിന്റ് മാത്രമുള്ള ആഴ്സണൽ ലീഗിൽ 11ആം സ്ഥാനത്ത് ആണ് ഉള്ളത്‌. 23 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് ലീഗിൽ 13ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version