ജെയിംസ് മക്കാർത്തിക്ക് ഞെട്ടിക്കുന്ന ഇഞ്ച്വറി, സീസൺ നഷ്ടമാകും

ഇന്നലെ നടന്ന എവർട്ടൺ വെസ്റ്റ് ബ്രോം മത്സരത്തിന്റെ ഫലത്തെക്കാൾ എവർട്ടൺ ആരാധകരെ വിഷമിപ്പിച്ചത് എവർട്ടൺ താരം ജെയിംസ് മക്കാർത്തിക്ക് ഏറ്റ ഭയാനകമായ പരിക്കായിരിക്കും. രണ്ടാം പകുതിൽ വെസ്റ്റ് ബ്രോം താരം റോണ്ടന്റെ കിക്കേറ്റാണ് മെക്കാർത്തിക്ക് പരിക്കേറ്റത്.

മുമ്പ് ആഴ്സണൽ താരം റംസിക്ക് ഏറ്റ പരിക്കിബോട് സാമ്യമുള്ള ഡബിൾ ലീഗ് ബ്രേക്കാണ് മക്കാർത്തിക്കും ഇന്നലെ സംഭവിച്ചത്. ഈ സീസൺ താരത്തിന് നഷ്ടമാകും എന്നാണ് എവർട്ടൺ മെഡിക്കൾ സ്റ്റാഫ് നൽകുന്ന പ്രാഥമിക വിവരം. പരിക്കിന് കാരണക്കാരനായ റോണ്ടൺ വരെ ഇഞ്ച്വറി കണ്ട് കരഞ്ഞത് പരിക്കിന്റെ തീവ്രത വ്യക്തമാക്കുന്നു.

പരിക്ക് ഗുരുതരമാണെന്നും താരത്തിനെ ഓർത്ത് സങ്കടമുണ്ടെന്നും ഇരു മാനേജർമാരും മത്സര ശേഷം പ്രതികരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാട്രിക് നേടി അഗ്യൂറോ, സിറ്റിക്ക് ജയം

പ്രീമിയർ ലീഗിൽ വീണ്ടും സിറ്റി വിജയ വഴിയിൽ തിരിച്ചെത്തി. സെർജിയോ അഗ്യൂറോ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ 3-1 നാണ് പെപ്പിന്റെ ടീം ന്യൂ കാസിലിനെ മറികടന്നത്. ലിവേർപൂളിനോട് തോൽവി വഴങ്ങിയ ശേഷം ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ സിറ്റി ഇതോടെ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 12 ആയി നിലനിർത്തി. നിലവിൽ അവർക്ക് 65 പോയിന്റാണ് ഉള്ളത്.

  • 34 ആം മിനുട്ടിൽ ഹെഡറിലൂടെ അഗ്യൂറോ നേടിയ ഗോളിൽ ആദ്യ പകുതിയിൽ 1 ഗോളിന് മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയിൽ 63 ആം മിനുട്ടിൽ ലീഡ് രണ്ടാക്കി. ഇത്തവണ സ്റ്റർലിങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അഗ്യൂറോ ഗോളാകുകയായിരുന്നു. പക്ഷെ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ന്യൂ കാസിൽ ഒരു ഗോൾ മടക്കി. ജേക്കബ് മർഫിയാണ് ഗോൾ നേടിയത്. പക്ഷെ 83 ആം മിനുട്ടിൽ സാനെയുടെ പാസ്സ് ഗോളാക്കി അഗ്യൂറോ ഹാട്രിക് തികച്ചു സിറ്റിയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ഇന്നത്തെ തോൽവിക്ക് ശേഷം 23 പോയിന്റുള്ള ന്യൂ കാസിൽ 15 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോൻറെയാൽ മാജിക്, ആഴ്സണലിന് മികച്ച ജയം

ഗോളടിച്ചും അടിപ്പിച്ചും നാച്ചോ മോൻറിയാൽ മടങ്ങിവരവ് ഗംഭീരമാക്കിയപ്പോൾ ആഴ്സണലിന് ക്രിസ്റ്റൽ പാലസിനെതിരെ ഡെർബി ജയം. 1-4 നാണ് വെങ്ങറുടെ ടീം ജയം സ്വന്തമാക്കിയത്. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴി ഒരുക്കുകയും ചെയ്ത നാച്ചോ മോൻറിയാൽ മത്സര ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തിയെങ്കിലും 34 ആം മിനുട്ടിൽ പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഈ 34 മിനുട്ടിനിടയിൽ പക്ഷെ ആഴ്സണൽ 3 ഗോളിന് മുന്നിലെത്തിയിരുന്നു.

സാഞ്ചസിന്റെ അഭാവത്തിൽ ഇവോബി ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ആറാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് സ്വന്തമാക്കി. ചാക്കയുടെ പാസ്സിൽ നിന്ന് മോൻറെയാൾ ആയിരുന്നു ഗോൾ സ്‌കോറർ. ഏറെ വൈകാതെ ആഴ്സണൽ രണ്ടും മൂന്നും ഗോളുകൾ നേടി. 10 ആം മിനുട്ടിൽ ഇവോബിയും 13 ആം മിനുട്ടിൽ കോശിയെൻലിയും ഗോൾ നേടിയതോടെ പാലസ് തീർത്തും പ്രതിരോധത്തിലായി. പക്ഷെ 22 ആം മിനുട്ടിൽ ആഴ്സണൽ ആക്രമനനിരയുടെ മനോഹര നീക്കത്തിനൊടുവിൽ ഓസിലിന്റെ അസിസ്റ്റിൽ ലകസറ്റേ നാലാം ഗോളും നേടി ആഴ്സണലിനെ ശക്തമായ നിലയിലെത്തിച്ചു. രണ്ടാം പകുതിയിൽ പാലസ് പ്രതിരോധം മെച്ചപ്പെടുത്തിയതോടെ ആഴ്സണൽ ലീഡ് ഉയർത്തുന്നത് തടയാനായെങ്കിലും ഗോൾ കണ്ടെത്താൻ പാലസിനായില്ല. 78 ആം മിനുട്ടിൽ ബെന്റെകെയുടെ പാസ്സിൽ മിലിയോവിക് പാലസിനായി ഒരു ഗോൾ മടക്കിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

ജയത്തോടെ 42 പോയിന്റുള്ള ആഴ്സണൽ ആറാം സ്ഥാനത്ത് തുടരും. 25 പോയിന്റുള്ള പാലസ് 13 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മാർഷ്യൽ; യുണൈറ്റഡിന് വിജയം

തുടർച്ചയായി മൂന്നാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ആന്തണി മാർഷ്യലിന്റെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ബേൺലിയെ മാർഷ്യൽ നേടിയ ഏക ഗോളിനാണ് യുണൈറ്റഡ് മറികടന്നത്.

ടർഫ് മൂറിൽ നടന്ന മത്സരത്തിൽ യുണൈറ്റഡിന് ഒരു അവസരവും നൽകാതെയാണ് അതിഥേയരായ ബേൺലി മത്സരം മുന്നോട്ട് കൊണ്ടുപോയത്. ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓണ് ടാർഗറ്റ് പോലും നൽകാതെ മികച്ച പ്രതിരോധം കാഴ്ചവെച്ച ബേൺലി യുണൈറ്റഡിനെ അക്ഷരാർത്ഥത്തിൽ പിടിച്ചു കെട്ടുകയായിരുന്നു.

രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 54ആം മിനിറ്റിൽ ലുകാക്കു നൽകിയ മനോഹരമായ ഒരു പാസ് മാർഷ്യൽ അനായാസം വലയിൽ എത്തിച്ചു. മത്സരത്തിന്റെ അവസാനം യുണൈറ്റഡ് ഗോൾ മുഖത്തെക്ക് ബേൺലി ഇരച്ചു കയറിയെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന് യുണൈറ്റഡ് വിലപ്പെട്ട 3 പോയിന്റുകൾ സ്വന്തമാക്കി.

ഇന്നത്തെ വിജയത്തോടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിയെക്കാൾ 9 പോയിന്റ് പുറകിലാണ് യുണൈറ്റഡ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൂറാം ലീഗ് ഗോളുമായി ഈഡൻ ഹസാർഡ്

ചെൽസിക്ക് വേണ്ടി ബ്രയ്ട്ടണെതിരായ ആദ്യ ഗോളിലൂടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈഡൻ ഹസാർഡ്. 100 ലിഗ് ഗോളുകൾ എന്ന നേട്ടമാണ് ഈഡൻ ഹസാർഡ് ഇന്ന് സ്വന്തമാക്കിയത്. അമേക്സ് സ്റ്റേഡിയത്തിൽ വെച്ച് 12 യാർഡിനപ്പുറത്ത് നിന്നും ബെൽജിയൻ താരമടിച്ചത് പ്രീമിയർ ലീഗിലെ തന്റെ 64 മത്തെ ഗോളായിരുന്നു. ലീഗ് വണ്ണിൽ ലിലേയ്ക്ക് വേണ്ടി 36 ഗോളുകൾ അടിച്ചിട്ടുള്ള ഹസാർഡ് അതോടു കൂടി ലീഗ് ഗോളുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്ച്ചു.

ഗോൾ വരൾച്ചയ്ക്ക് അവസാനം കുറിച്ചാണ് ചെൽസി പ്രീമിയർ ലീഗിൽ ഈ വർഷത്തെ ആദ്യ ജയം സ്വന്തമാക്കിയത്. ഏകപക്ഷിയമായ നാല് ഗോളുകൾക്ക് ചെൽസി ജയിച്ചപ്പോൾ ഇരട്ട ഗോളുകൾ നേടി ഈഡൻ ഹസാർഡ് തന്റെ വ്യക്തിഗത നേട്ടം 101 ഗോളാക്കി മാറ്റി. ഹസാർഡിന്റെ മികച്ച പ്രീമിയർ ലീഗ് സീസൺ കഴിഞ്ഞ സീസൺ ആയിരുന്നു. പതിനാറു ഗോളുകളുമായി ബ്ലൂസിനോടൊപ്പം പ്രീമിയർ ലീഗും സ്വന്തമാക്കാൻ ഹസാർഡിനു കഴിഞ്ഞു. ഈ സീസണിൽ ഇതുവരെ ഏഴു പ്രീമിയർ ലീഗ് ഗോളുകളാണ് ഹസാർഡിന്റെ സമ്പാദ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോൾ വരൾച്ചക്ക് അവസാനം, ചെൽസിക്ക് വമ്പൻ ജയം

ഗോൾ വരാൾച്ചക്ക് അവസാനം കുറിച്ച ചെൽസിക്ക് പ്രീമിയർ ലീഗിൽ ഈ വർഷത്തെ ആദ്യ ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് അവർ ബ്രയ്ട്ടനെ തകർത്തത്. ചെൽസിക്കായി ഈഡൻ ഹസാർഡ് രണ്ട് ഗോളുകൾ നേടിയപ്പോൾ വില്ലിയൻ, മോസസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

കാഹിൽ, ഫാബ്രിഗാസ്, മൊറാത്ത എന്നിവരില്ലാതെ ഇറങ്ങിയ ചെൽസി ടീമിൽ ബാത്ശുവായി, വില്ലിയൻ, റൂഡിഗർ എന്നിവർ ഇടം നേടി. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ലീഡ് നേടി. മോസസിന്റെ പാസ്സ് ബ്രയ്ട്ടൻ പ്രതിരോധകാരന്റെ കാലിൽ തട്ടി ലഭിച്ചത് ഹസാർഡിന്. ഹസാർഡിന്റെ മികച്ച ഷോട്ട് തടസമൊന്നും ഇല്ലാതെ വലയിൽ പതിച്ചു. ഏറെ വൈകാതെ ആറാം മിനുട്ടിൽ ചെൽസി വില്ലിയനിലൂടെ ലീഡ് രണ്ടാക്കി. ഇത്തവണ മികച്ച പാസ്സിങ്ങിനൊടുവിൽ വില്ലിയൻ ലീഡ് ഉയർത്തി. പക്ഷെ പിന്നീട് ബ്രയ്ട്ടൻ മികച്ച മുന്നേറ്റങ്ങൾ നടത്തി ചെൽസി പ്രതിരോധത്തിന് തല വേദന സൃഷ്ടിച്ചു. ഇതിനിടെ ചെൽസി ഗോളി കബലെറോയുടെ ഫൗളിന് ബ്രയ്ട്ടൻ പെനാൽറ്റി അർഹിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ പിന്നീട് തലക്ക് പരിക്കേറ്റ ക്രിസ്റ്റിയൻസന് പകരം 58 ആം മിനുട്ടിൽ ഡേവിഡ് ലൂയിസ് കളത്തിൽ ഇറങ്ങി. 77 ആം മിനുട്ടിലാണ് ചെൽസിയുടെ മൂന്നാം ഗോൾ പിറന്നത്. ഈഡൻ ഹസാർഡാണ് ഗോൾ നേടിയത്. ഈ ഗോളോടെ ഈ സീസണിൽ ഹസാർഡിന്റെ ഗോൾ നേട്ടം 8 ആയി ഉയർന്നു. 89 ആം മിനുട്ടിൽ ചെൽസി നാലാം ഗോളും സ്വന്തമാക്കി. വില്ലിയന്റെ പകരക്കാരനായി ഇറങ്ങിയ മുസോണ്ട നൽകിയ മികച്ച പാസ്സ് ഗോളാക്കി വിക്ടർ മോസസാണ് ചെൽസിയുടെ ഗോൾ വേട്ട പൂർത്തിയാക്കിയത്. ജയത്തോടെ 50 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്താണ്‌. 23 പോയിന്റുള്ള ബ്രയ്ട്ടൻ 16 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്കും സസ്പെൻഷനും ഭീഷണി, ചെൽസി ഇന്ന് ബ്രയ്ട്ടനെതിരെ

2018 ലെ ആദ്യ പ്രീമിയർ ലീഗ് ജയം തേടി ചെൽസി ഇന്ന് ബ്രയ്ട്ടൻ ഹോവ് ആൽബിയനെ നേരിടും. ബോക്സിങ് ഡേയിൽ ബ്രയ്ട്ടനെതിരെ നേടിയ ജയം തുടരാനാവും ഇന്ന് ചെൽസിയുടെ ശ്രമം. ബ്രയ്ട്ടന്റെ മൈതാനത്താണ് മത്സരം അരങ്ങേറുക. നോർവിച്ചിനെതിരെ എഫ് എ കപ്പ് മത്സരത്തിലെ ജയത്തിന് ശേഷമാണ് ചെൽസി പ്രീമിയർ ലീഗ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 നാണ് മത്സരം കിക്കോഫ്.

ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന മുന്നേറ്റ നിരയാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. അവസാന 4 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് അവർക്ക് ഗോൾ നേടാനായത്. പ്രതിരോധം ലീഗിലെ തന്നെ മികച്ചതാണെങ്കിലും അതിന്റെ ഫലം പോയിന്റിൽ കണ്ടെത്താൻ അവർക്കാവുന്നില്ല. നോർവിച്ചിനെതിരെ ചുവപ്പ് കാർഡ് കണ്ട മൊറാത്ത, പെഡ്രോ എന്നിവർക്ക് ഇന്നത്തെ മത്സരത്തിൽ കളിക്കാനാവില്ല. കൂടാതെ പരിക്കേറ്റ ഫാബ്രിഗാസും, ഗാരി കാഹിലും ഇന്ന് കളിച്ചേക്കില്ല. പുതുതായി ടീമിലെത്തിയ റോസ് ബാർക്ലി ഇന്ന് അരങ്ങേറിയേക്കും. എങ്കിലും തുടക്കം മുതൽ കളിക്കാനുള്ള സാധ്യത വിരളമാണ്. ബ്രയ്ട്ടൻ നിരയിൽ കാര്യമായ പരിക്കില്ല. സീസണിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് ചെൽസി ജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ വഴിയിൽ തിരിച്ചെത്താൻ സിറ്റിയും ആഴ്സണലും ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലിന് ലണ്ടൻ ഡെർബി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പാലസിനെയാണ് വെങ്ങറും സംഘവും ഇന്ന് നേരിടുക. ബൗന്മൗത്തിനോട് തോൽവി വഴങ്ങിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ആഴ്സണലിന് ജയം അനിവാര്യമാണ്. ആദ്യ നാലിലേക്കുള്ള സാധ്യതകൾ നില നിർത്താൻ ജയം അനിവാര്യമായ ആഴ്സണലിന് പക്ഷെ കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. റോയ് ഹുഡ്‌സന് കീഴിൽ മികച്ച ഫോം തുടരുന്ന പാലസ് ബെർന്ലികെതിരായ ജയത്തിന് ശേഷമാണ് ഇന്ന് എമിറേറ്റ്‌സിൽ എത്തുന്നത്. ആഴ്സണൽ നിരയിൽ സാഞ്ചസ് യൂണൈറ്റഡിലേക്ക് മാറും എന്നുറപ്പായതോടെ ഇത്തവണയും ആഴ്സണൽ ടീമിൽ സാഞ്ചസ്, ഓസിൽ എന്നിവർ ഉണ്ടാവില്ല. സ്‌ട്രൈക്കർ ലകസറ്റിന്റെ മോശം ഫോമും ആഴ്സണലിന് തിരിച്ചടിയാണ്. പാലസ് നിരയിൽ ഇന്ന് ടൗൻസെൻഡും കളിക്കാൻ സാധ്യതയില്ല.

ലീഗിലെ ആദ്യ തോൽവി ലിവർപൂളിനോട് വഴങ്ങിയ ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ന്യൂ കാസിലിനെ നേരിടും. സ്വന്തം മൈതാനത്താണ് മത്സരം എന്നത് സിറ്റിക്ക് ആശ്വാസമാവും. പ്രതിരോധത്തിൽ സിറ്റിയുടെ പിഴവുകൾ മുതലാക്കാൻ റാഫാ ബെനീറ്റസിന്റെ ടീമിനായാൽ സിറ്റിക്ക് കാര്യങ്ങൾ കടുപ്പമാവും. പക്ഷെ അവസാനം ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ തീർത്തും പ്രതിരോധ ഫുട്‌ബോൾ കളിച്ച റാഫാ ബെനീറ്റസിന്റെ നടപടി ഏറെ വിമർശനം വിളിച്ചു വരുത്തിയിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിന് സിറ്റി പക്ഷെ ജയം സ്വന്തമാക്കി. സിറ്റി നിരയിൽ ഫാബിയൻ ഡെൽഫ് പരിക്ക് കാരണം കളിച്ചേക്കില്ല. പകരം ഡാനിലോ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ന്യൂ കാസിൽ നിരയിൽ മെട്രോവിച്ചും ജിസൂസ് ഹാമേസും കളിച്ചേക്കില്ല. ഇരുവർക്കും പരിക്കാണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിരമിക്കാനൊരുങ്ങി കാരിക്, യുണൈറ്റഡിൽ സഹ പരിശീലകനായേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരം മൈക്കൽ കാരിക് ഈ സീസൺ അവസാനത്തോടെ കളി മതിയാക്കുന്നു. വിരമിക്കുന്ന കാരിക് അടുത്ത സീസൺ മുതൽ മൗറീഞ്ഞോക്ക് കീഴിൽ യുണൈറ്റഡിന്റെ കോച്ചിങ് സ്റ്റാഫിൽ ഒരാളായി ചേർന്നേക്കും. മൗറീഞ്ഞോ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. കാരിക് തന്റെ സ്റ്റാഫ് അംഗമാവുന്നതിലുള്ള സന്തോഷവും മൗറീഞ്ഞോ പങ്ക് വച്ചു.

കഴിഞ്ഞ സീസൺ അവസാനത്തിൽ യുണൈറ്റഡുമായി പുതിയ ഒരു വർഷത്തെ കരാർ ഒപ്പിട്ട താരത്തിന് പക്ഷെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബറിന് ശേഷം കളിക്കാനായിരുന്നില്ല. നിലവിൽ ടീമിനൊപ്പം പരിശീലനത്തിൽ മടങ്ങിയെത്തിയ താരത്തിന് പക്ഷെ എന്നാണ് കളിക്കാനാവുക എന്നത് വ്യക്തമല്ല. 37 കാരനായ കാരിക് നിലവിൽ ടീമിലെ ഏറ്റവും സീനിയർ അംഗമാണ്. യുനൈറ്റഡിനായി ഇതുവരെ 459 മത്സരങ്ങൾ കളിച്ച താരം 2006 ലാണ് ടോട്ടൻഹാമിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. ക്ലബ്ബിനോപ്പം ഇതുവരെ 5 ലീഗ് കിരീടങ്ങൾ നേടിയ കാരിക് 1 ചാംപ്യൻസ് ലീഗ് കിരീടവും, യൂറോപ്പ ലീഗും, 3 ലീഗ് കപ്പും, 1 എഫ് എ കപ്പും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാൽക്കോട്ട് ആഴ്സണൽ വിട്ടു, ഇനി എവർട്ടനിൽ

ആഴ്സണൽ മുന്നേറ്റനിര താരം തിയോ വാൽക്കോട്ട് ഇനി എവർട്ടനിൽ. 20 മില്യൺ പൗണ്ടിനാണ് എവർട്ടൻ താരത്തെ സ്വന്തമാക്കിയത്. 3 വർഷത്തെ കരാറാണ് താരം മേഴ്സി സൈഡ് ക്ലബ്ബുമായി ഒപ്പിട്ടിരിക്കുന്നത്.

ആഴ്സണലിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് വാൽക്കോട്ട് എവർട്ടനിലേക്ക് ചുവട് മാറാൻ തീരുമാനിച്ചത്. തന്റെ പതിനാറാം വയസിൽ സൗത്താംപ്ടണിൽ നിന്ന് എമിറേറ്റ്സിൽ എത്തിയ താരം ക്ലബ്ബിനായി ഇതുവരെ 397 മത്സരങ്ങളിൽ നിന്ന് 108 ഗോളുകൾ നേടിയിട്ടുണ്ട്. വാൽക്കോട്ടിന്റെ പഴയ ക്ലബ്ബായ സൗത്താംപ്ടനും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം ഗൂഡിസൻ പാർക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ആഴ്സണലിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതോടെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.  28 കാരനായ വാൽക്കോട്ട് അടുത്ത ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടുക എന്നത് തന്നെയാവും ഇനി ലക്ഷ്യം വെക്കുക. ഗോളുകൾ കണ്ടെത്താൻ വിഷമിക്കുന്ന എവർട്ടനും വാൽക്കോട്ടിന്റെ വരവ് പുതു ഊർജം സമ്മാനിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒട്ടാമെൻഡിക്ക് പുതിയ കരാർ, 2022 വരെ സിറ്റിയിൽ തുടരും

മാഞ്ചെസ്റ്റർ സിറ്റി പ്രതിരോധ നിര താരം നിക്കോളാസ്  ഒട്ടാമെൻഡി ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2022 വരെ താരം മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. 2015 ഇൽ വലൻസിയയിൽ നിന്ന് സിറ്റിയിൽ എത്തിയ താരത്തിന്റെ കരാർ 2020 അവസാനിക്കാനിരിക്കെയാണ് പുതിയ കരാർ ഒപ്പിട്ടത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിന് പെപ്പ് ഗാർഡിയോളയുടെ പൂർണ്ണ പിന്തുണയും സഹായകരമായി.

29 വയസുകാരനായ താരം ജോണ് സ്റ്റോൻസുമായി മികച്ച പങ്കാളിത്തം സ്ഥാപിച്ചതോടെ കഴിഞ്ഞ സീസണിൽ ഏറെ ഗോൾ വഴങ്ങിയ സിറ്റി ഇത്തവണ പ്രതിരോധത്തിൽ ശക്തമായ പ്രകടനമാണ് നടത്തിയത്. നിർണായക ഘട്ടങ്ങളിൽ ഗോൾ കണ്ടെത്താനുള്ള മിടുക്കും താരത്തെ സിറ്റി നിരയിൽ അഭിവാജ്യ ഘടകമാക്കി. അർജന്റീനൻ ദേശീയ ടീമിലും അംഗമായ താരം നേരത്തെ പോർട്ടോ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുണൈറ്റഡിന്റെ സ്വന്തം ‘മെസ്സി’ ലിംഗാർഡ്

2016 ഇൽ ജെസി ലിംഗാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകിയപ്പോൾ നെറ്റി ചുളിച്ചവരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിൽ ചിലരും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകാദമിയിലൂടെ വളർന്നു വന്ന താരം ക്ലബ്ബിനായി ധാരാളം മത്സരങ്ങൾ കളിച്ചിട്ടും കാര്യമായ സ്വാധീനം ചെലുത്താത്ത സാഹചര്യത്തിൽ ആഴ്ചയിൽ ഒരു ലക്ഷം പൗണ്ടിന്റെ ശമ്പളം അടക്കമുള്ള വമ്പൻ  കോണ്ട്രാക്റ്റ് നൽകിയതിനെ പലരും വിമർശിച്ചപ്പോൾ ലിംഗാർഡിന്റെ കഴിവിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയ മൗറീഞ്ഞോക്ക് താരം ഈ സീസണിൽ തന്റെ പ്രകടനംകൊണ്ട് പകരം നൽകുകയാണ്. മൗറീഞ്ഞോക്ക് കീഴിൽ ഏറ്റവും മികവ് ഉയർത്തിയ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ അത് ജെസീ ലിംഗാർഡാണ്. ഈ സീസണിൽ നിർണായക ഗോളുകൾ നേടി പലപ്പോഴും ടീമിനെ രക്ഷിച്ച ലിംഗാർഡ് സീസണിൽ ഇതുവരെ 11 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ലിംഗാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ അരങ്ങേറ്റം നൽകിയ സാക്ഷാൽ സർ അലക്‌സ് ഫെർഗൂസന്റെ പ്രവചനത്തെ പിന്തുണക്കുന്ന പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. ലിംഗാർഡ് 24 വയസ്സ് പിന്നിടുമ്പോൾ തന്റെ മൂല്യം വെളിപ്പെടുത്തും എന്നാണ് 6 വർഷങ്ങൾക്ക് മുൻപ് ഫെർഗി പ്രവചിച്ചത്. ഡിസംബർ 15 ന് 25 പൂർത്തിയായ ലിംഗാർഡ് ഇന്ന് പ്രീമിയർ ലീഗിലെ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി. ലിംഗാർഡ് യുണൈറ്റഡ്‌ ജേഴ്സി അണിയാൻ മാത്രം ശേഷിയുള്ള കളികാരനാണോ എന്ന് സംശയം പ്രകടിപ്പിച്ചവരെയെല്ലാം നിശ്ശബ്ദമാക്കി ലിംഗാർഡ് തന്റെ കുതിപ്പ് തുടരുകയാണ്. നേരത്തെ എഫ് എ കപ്പിലും ലീഗ് കപ്പിലും ഫൈനൽ ഗോൾ നേടിയിട്ടുണ്ടെങ്കിലും വെംബ്ലിക്ക് പുറത്ത് കാര്യമായ ചലനമുണ്ടാക്കാൻ താരത്തിനായിരുന്നില്ല. ഇത്തവണ തുടക്കത്തിൽ ആദ്യ ഇലവനിൽ ഇടം ഇല്ലാതിരുന്ന താരത്തിന് മികിതാര്യന്റെ ഫോം ഇല്ലായ്മ അനുഗ്രഹമാവുകയായിരുന്നു. സ്റ്റാർ സ്‌ട്രൈക്കർ ലുകാക്കു ഗോൾ കണ്ടെത്താൻ വിഷമിച്ചപ്പോൾ മൗറീഞ്ഞോക്ക് അനുഗ്രഹമായത് പലപ്പോഴും ലിംഗാർഡിന്റെ ഗോളുകളായിരുന്നു.

തന്റെ 8 ആം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തിയ ലിംഗാർഡ് 2011 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകളിൽ അംഗമായിരുന്നു. 2011 ഇൽ സീനിയർ ടീമിൽ അരങ്ങേറിയ ലിംഗാർഡ് പിന്നീട് ലെസ്റ്റർ, ബർമിങ്ഹാം, ബ്രയ്ട്ടൻ, ഡെർബി കഡ്രി തുടങ്ങിയ ടീമുകൾക്കായി ലോൺ അടിസ്ഥാനത്തിൽ കളിച്ചു. 2014-2015 സീസൺ മുതൽ സീനിയർ ടീമിൽ സ്ഥിരം അംഗമായ ലിംഗാർഡിന് പലപ്പോഴും ഒരു സ്കോഡ് പ്ലെയർ റോളായിരുന്നു. ആക്രമണ നിരയിൽ കളിക്കുമ്പോഴും ഗോളുകൾ കണ്ടെത്തുന്നില്ല എന്നതായിരുന്നു ലിംഗാർഡിനെതിരെയുള്ള പ്രധാന വിമർശനം. ഈ സീസണിൽ ഗോളുകൾ കണ്ടെത്തി തുടങ്ങിയതോടെ  ക്ലാസ് ഓഫ് 92 ന് ശേഷം യുണൈറ്റഡിന്റെ സ്വന്തം താരമായി വരും നാളുകളിൽ ലിംഗാർഡ് ഓൾഡ് ട്രാഫോഡിൽ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. യുണൈറ്റഡ് ആരാധകർ തമാശയെന്നോണം ‘മെസ്സി ലിംഗാർഡ്’ എന്ന്‌ വിളിക്കുന്ന താരത്തിന് പക്ഷെ ഇനിയും ഒരുപാട് മെച്ചപ്പെടാനാവും എന്നത് ഉറപ്പാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version