ചെൽസിയുടെ വമ്പൻ ഓഫർ നിരസിച്ച ചേമ്പർലൈൻ ഇനി ലിവർപൂളിൽ

ആഴ്സണൽ മധ്യനിര താരം അലക്‌സ് ഓക്സലൈഡ് ചേമ്പർലൈൻ ഇനി ക്ളോപ്പിന്റെ ലിവർപൂളിൽ. ഏതാണ്ട് 40 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ ലിവർപൂൾ ആൻഫീൽഡിൽ എത്തിക്കുന്നത്.

നിലവിലെ കരാറിൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെ ആഴ്സണൽ നൽകിയ 180000 പൗണ്ടിന്റെ പുതിയ കരാർ താരം നിരസിച്ചതോടെയാണ് താരത്തെ വിൽക്കാൻ ആഴ്സണൽ നിർബന്ധിതരായത്. ചെൽസിയും ഈ ഇംഗ്ലണ്ട് ദേശീയ താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം ലിവർപൂളിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പമുള്ള താരം സെയ്ന്റ് ജെയിംസ് പാർക്കിലെ ട്രെയിനിങ് ക്യാമ്പിൽ വച്ചാണ് മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയത്.

മധ്യ നിരയിൽ ഏതു റോളിലും കളിക്കാൻ കഴിയുന്ന ചേമ്പർലൈന് വിങ് ബാക്ക് പൊസിഷനിലും തിളങ്ങാനാവും. കഴിഞ്ഞ സീസണിൽ അവസാന ഘട്ടങ്ങളിൽ വെങ്കർ 3-4-3 ശൈലിയിൽ ടീമിനെ അണിനിരത്തിയപ്പോൾ ചേമ്പർലൈനായിരുന്നു റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്നത്. ചെൽസിയിൽ വിക്ടർ മോസസ് കളിക്കുന്ന റൈറ്റ് വിങ് ബാക്കായി തന്നെയാവും കോണ്ടേ താരത്തെ കളിപ്പിക്കുക എന്ന് വ്യക്തമായതോടെയാണ് താരം മധ്യനിരയിൽ കൂടുതൽ സാധ്യതകളുള്ള ലിവർപൂൾ തിരഞ്ഞെടുത്തത്. നേരത്തെ ആഴ്സണലിന് 35 മില്യൺ നൽകാം എന്ന് കരാറായ ചെൽസിക്ക് കനത്ത തിരിച്ചടിയായി താരത്തിന്റെ തീരുമാനം.

24 കാരനായ ചേമ്പർലൈൻ സൗത്താംപ്ടൻ അകാദമിയിലൂടെയാണ് സീനിയർ കരിയറിലേക്ക് ചുവടുവച്ചത്. 2000 മുതൽ സൗത്താംപ്ടന്റെ വിവിധ ജൂനിയർ ലെവൽ ടീമുകളിൽ കഴിവ് തെളിയിച്ച താരം 2010-2011 സീസണിൽ അവരുടെ സീനിയർ ടീമിലും ഇടം നേടി. 2011 ഓഗസ്റ്റിൽ ആഴ്സണലിൽ എത്തിയ ചേമ്പർലൈൻ പക്ഷെ പലപ്പോഴും ടീമിൽ പകരക്കാരന്റെ വേഷത്തിലായിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ ആഴ്സണലിന്റെ മുന്നോട്ടുള്ള കുതിപ്പിൽ വെങ്ങർ നിർണായക താരമായി കണ്ടിരുന്നെങ്കിലും താരം പക്ഷെ പുതിയ കരാർ ഒപ്പിടാൻ തയ്യാറായില്ല.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാനം ഹൊവെദെസ് ഷാൽക്കെ വിട്ടു, ഇനി യുവന്റ്സിൽ
Next articleപ്രീമിയർ ലീഗിൽ അവസാന ദിവസ സർപ്രൈസ്, പി എസ് ജി മിഡ്ഫീൽഡർ വെസ്റ്റ് ബ്രോമിൽ