ടോപ് ഫോറിലേക്ക് കണ്ണും നട്ട് ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന നാലിൽ ഇടം പിടിക്കാനുള്ള പോരാട്ടം കനക്കുന്നു. ഇന്നലെ ചെൽസിക്ക് മേൽ ആഴ്‌സണലും ബ്രൈറ്റനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയം നേടിയതോടെയാണ് പോരാട്ടം കനക്കുന്നത്. നിലവിൽ 46 പോയിന്റുമായി ചെൽസി ആണ് നാലാം സ്ഥാനത്തുള്ളത്, എന്നാൽ 43 പോയിന്റ് വീതമായി ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തൊട്ടുപിന്നാലെയുണ്ട്.

ചെൽസിയുടെ മോശം ഫോമാണ് ആഴ്‌സണലിനും യുണൈറ്റഡിനും തുണയായത്. ഒലെ യുണൈറ്റഡിന്റെ മാനേജരായി ചുമതലയേറ്റെടുക്കുമ്പോൾ ടോപ് ഫോറിന് 11 പോയിന്റ് പിറകിൽ ആയിരുന്നു യുണൈറ്റഡ്. എന്നാൽ തുടർച്ചയായ ആറു വിജയങ്ങളോടെ ടോപ് ഫോറിന് മൂന്നു പോയിന്റ് പുറകിൽ എത്താനായി യുണൈറ്റഡിന്. താരതമ്യേന എളുപ്പമായ ഫിക്‌സചർ ആണ് യുണൈറ്റഡിന് മുന്നിൽ ഉള്ളത്, എന്നാൽ ആഴ്‌സണലിനും ചെൽസിക്കും കാര്യങ്ങൾ കടുപ്പമാണ്. ലീഗിൽ 15 മത്സരങ്ങൾ കൂടെ അവശേഷിക്കുന്നുണ്ട്, അപ്പോഴേക്കും പോയിന്റ് പട്ടിക മാറി മറിയും എന്ന് ഉറപ്പാണ്.