ജനുവരിയിൽ ചെൽസി വിടാൻ ഒരുങ്ങി ജിറൂദ്

വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടാൻ ഒരുങ്ങി ഫ്രഞ്ച് താരം ഒളിവിയർ ജിറൂദ്. ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് യൂറോ കപ്പ് മുൻപിൽ കണ്ട് ചെൽസി വിടാൻ ജിറൂദ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചെൽസിയിൽ അവസരങ്ങൾ കുറയുന്നതിനുള്ള ആശങ്ക താരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ജിറൂദ്. എന്നാൽ പുതുതായി ടീമിൽ എത്തിയ ടിമോ വാർണറും ടാമി അബ്രഹാമും മികച്ച ഫോമിലായതോടെ താരത്തിന് ടീമിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. നിലവിൽ ഈ സീസണിൽ 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ജിറൂദിന് അവസരം ലഭിച്ചത്. എന്നാൽ അവയെല്ലാം പകരക്കാരുടെ ബെഞ്ചിൽ നിന്നായിരുന്നു.

നേരത്തെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസും ഫ്രഞ്ച് ടീമിൽ ജിറൂദിന് അവസരം ലഭിക്കണമെങ്കിൽ സ്ഥിരമായി കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലം മുൻപിൽ കണ്ടാണ് ജിറൂദ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടാൻ ഒരുങ്ങുന്നത്.