ജോസെ 17 മത്സരം 7 വിജയം, ഒലെ 9 മത്സരങ്ങൾ 8 വിജയം… ഇത് ഒലെ യുഗം!!

ഒലെയുടെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര ഫോം തുടരുകയാണ്. പ്രീമിയർ ലീഗിൽ ഒലെ ചുമതലയേൽക്കുമ്പോൾ പ്രീമിയർ ലീഗിൽ 17 മത്സരങ്ങൾ കഴിഞ്ഞിരുന്നു. നാലാം സ്ഥാനത്തിന് 11 പോയന്റ് അകലെയും. 9 ലീഗ് മത്സരങ്ങൾ കൊണ്ട് എല്ലാം മാറ്റി മറിക്കാൻ ഒലയ്ക്കായിരിക്കുകയാണ്. പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇന്ന് ഫുൾഹാമിനെതിരെ ജയിച്ചതോടെ ഒലെ എത്തിയിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്നായി 25 പോയന്റാണ് ഒലെ എടുത്തത്.

ലീഗിൽ 17 മത്സരങ്ങൾ ടീമിനെ നയിച്ച മൗറീനോ ആകെ നേടിയത് 7 വിജയങ്ങൾ ആയിരുന്നു. വെറും ഒമ്പത് മത്സരങ്ങൾ കൊണ്ട് 8 വിജയം സ്വന്തമാക്കി ജോസെയുടെ വിജയത്തിന്റെ എണ്ണം ഒലെ മറികടന്നിരിക്കുകയാണ്. മൗറീനോ വിടപറയുമ്പോൾ ഗോൾ ഡിഫറൻസ് 0 ആയിരുന്നു എങ്കിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ ഡിഫറൻസ് +17 ആണ്.

ഒലെയുടെ എട്ടു വിജയങ്ങളിൽ ആറും എവേ ഗ്രൗണ്ടുകളിലും ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 10 വർഷത്തിനു ശേഷമാണ് ആറു എവേ ലീഗ് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്. ഒലെ വരുമ്പോൾ ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 19 പോയന്റ് പിറകിലായിരുന്നു യുണൈറ്റഡ് എങ്കിൽ ഇപ്പോൾ 11 പോയന്റായി ആ വ്യത്യാസം കുറഞ്ഞു. ഒലെയുടെ ഈ അത്ഭുത കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.