മാഞ്ചസ്റ്ററിൽ ഗോൾമഴ, യുണൈറ്റഡ് ശരിക്കും ചുവന്ന ചെകുത്താന്മാരായി!!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിക്കും ചുവന്ന ചെകുത്താന്മാരായി, എന്നും മഴ പെയ്യുന്ന മാഞ്ചസ്റ്ററിൽ ഇന്ന് ഗോൾ മഴ കൂടെ പെയ്തു. ഓൾഡ് ട്രാഫോർഡിൽ ഇന്ന് ബൗണ്മതിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ദയയും കാണിക്കാത്ത പ്രകടനമാണ് എഡി ഹോയുടെ ടീമിനോട് കാണിച്ചത്. ഏഴു ഗോളുകൾ ആകെ പിറന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയം.

ഇതൊക്കെ വന്നത് ആദ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു. മത്സരത്തിൽ 15ആം മിനുട്ടിൽ ആയിരുന്നു അപ്രതീക്ഷിതമായി ബൗണ്മത് ഗോൾ നേടിയത്. യുണൈറ്റഡ് ഡിഫൻസ് ആകെ തകർന്ന നിമിഷമായിരുന്നു അത്. മഗ്വയറിനെ നട്മഗ് ചെയ്ത് കൊണ്ടാണ് സ്റ്റാനിസ്ലാസ് ഡിഹിയയെയും കീഴ്പ്പെടുത്തിയത്. പക്ഷെ ആ ഗോൾ മാഞ്ചസ്റ്ററിനെ ഇളക്കി. പിന്നെ കണ്ടത് ഗോൾമഴ ആയിരുന്നു.

29ആം മിനുട്ടിൽ ഗ്രീൻവുഡിന്റെ വക ആയിരുന്നു ആദ്യ ഗോൾ. ബ്രൂണോയുടെ പാസ് സ്വീകരിച്ച ഗ്രീൻവുഡ് ഇടം കാല് കൊണ്ട് വല തുളച്ചു. പിന്നാലെ പെനാൾട്ടിയിലൂടെ റാഷ്ഫോർഡ് യുണൈറ്റഡിനെ ലീഡിലും എത്തിച്ചു. 45ആം മിനുട്ടിൽ ഒരു ഗംഭീര ഗോളോടെ മാർഷ്യൽ ഹാഫ് ടൈമിന് മുന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1ന് മുന്നിൽ എത്തിച്ചു. മാർഷ്യലിന്റെ കരിയറിലെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്.

ആദ്യ പകുതിയിലെ രണ്ട് ഗോളുകൾ ഒരുക്കിയത് ബ്രൂണോ ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലെ ഒരു പെനാൾട്ടി ബൗണ്മതിനെ വീണ്ടും കളിയിലേക്ക് തിരികെ കൊണ്ടു വന്നു. കിംഗ് ആയിരുന്നു ഗോൾ നേടിയത്. പക്ഷെ ഇതും മാഞ്ചസ്റ്ററിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടാനെ സഹായിച്ചുള്ളൂ. 54ആം മിനുട്ടിൽ വീണ്ടും ഗ്രീൻവുഡ് ഗോൾ നേടി. ഇത്തവണ 18കാരന്റെ വലം കാൽ ഷോട്ട് ആയിരുന്നു ഗോളിലെത്തിയത്.

പിന്നാലെ 59ആം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസിന്റെ ഗംഭീര ഫ്രീകിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അഞ്ചാം ഗോളും കൊണ്ടുവന്നു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തൽക്കാലം ചെൽസിയെ പിന്നിലാക്കി നാലാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന് 55 പോയന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ചെൽസി 54 പോയന്റിലാണ് ഉള്ളത്. ഇന്ന് പരാജയപ്പെട്ട ബൗണ്മത് 27 പോയന്റുമായി ലീഗിൽ 19ആം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.

Advertisement