നുനോ സാന്റോസ് ക്രിസ്റ്റൽ പാലസ് ചർച്ചകൾ പരാജയം, പരിശീലകനായി എവർട്ടൺ രംഗത്ത്

 116313645 Nuno Getty
Credit: Twitter

വോൾവ്സിന്റെ പരിശീലകനായിരുന്ന നുനോ സാന്റോസ് ക്രിസ്റ്റൽ പാലസിന്റെ പരിശീലകനായേക്കും എന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു. നുനോയും ക്രിസ്റ്റൽ പാലസും നുനോയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ പരാജയപ്പെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാലസ് ഇപ്പോൾ മറ്റു പരിശീലകർക്കായുള്ള അന്വേഷണത്തിലാണ്. ഈ അവസരത്തിൽ നുനോയുമായി എവർട്ടൺ ചർച്ച നടത്തുകയാണ്
എന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.

എവർട്ടന്റെ പരിശീലകനായിരുന്ന ആഞ്ചലോട്ടി പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ച് റയൽ മാഡ്രിഡിലേക്ക് പോയിരുന്നു. അതിന് പകരക്കാരനായാണ് നുനോയെ എത്തിക്കാൻ എവർട്ടൺ ശ്രമിക്കുന്നത്. വോൾവ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞ നുനോ പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. അവസാന കുറച്ചു സീസണിലായി സ്ഥിരത ഇല്ലാതെ നിൽക്കുന്ന എവർട്ടണ് യൂറോപ്യൻ യോഗ്യത നേടിക്കൊടുക്കാൻ പറ്റുന്ന പരിശീലകനെ ആണ് അവർ തേടുന്നത്. നുനോയ്ക്ക് അതിനാകും എന്ന് എവർട്ടൺ മാനേജ്മെന്റ് വിശ്വസിക്കുന്നു. 2017ൽ വോൾവ്സിൽ എത്തിയ നുനോ അവിടെ അത്ഭുതങ്ങൾ തന്നെ ആയിരുന്നു കാണിച്ചത്‌.

ചാമ്പ്യൻഷിപ്പ് വിജയിച്ച് പ്രീമിയർ ലീഗിലേക്ക് വോൾവ്സിനെ എത്തിച്ച നുനോ ആദ്യ രണ്ട് സീസണിലും വോൾവ്സിനെ പ്രീമിയർ ലീഗിന്റെ ആദ്യ പത്തിന് അകത്ത് എത്തിച്ചു. ഒരു സീസണ് മുമ്പ് യൂറോപ്പ ലീഗിന്റെ ക്വാർട്ടർ വരെ വോൾവ്സിനെ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു.

Previous articleഅനുഷ്കയ്ക്ക് ചായ നല്‍കിയതിന് വിമര്‍ശനം കേള്‍ക്കുന്ന സെലക്ടര്‍മാര്‍ക്ക് ടീമിന്റെ മികച്ച പ്രകടനങ്ങളുടെ ക്രെഡിറ്റ് ലഭിയ്ക്കാറില്ല – എംഎസ്കെ പ്രസാദ്
Next articleഗ്രൂപ്പ് ഘട്ടം കടക്കുകയാണ് വെയിൽസിന്റെ ആദ്യ ലക്ഷ്യം എന്ന് ഗരെത് ബെയ്ല്