നോർത്ത് ലണ്ടനിൽ ഇന്ന് ആവേശ പോരാട്ടം

രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം പ്രീമിയർലീഗ് ഇന്ന് വീണ്ടും പന്തുരുളുമ്പോൾ ആവേശ പോരാട്ടതോടെ തുടക്കം കുറിക്കും. നോർത്ത് ലണ്ടനിലെ വൻ ശക്തികളായ ആഴ്സണലും ടോട്ടൻഹാമും ഇന്ന് നേർക്കുനേർ. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫലം ഇരു ടീമുകൾക്കും നിർണായകമാണ്. ഇന്ന് വൈകീട്ട് 6 നാണ് മത്സരം കിക്കോഫ്.

മാഞ്ചസ്റ്റർ സിറ്റിയോട് ഏറ്റ തോൽവിക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തിൽ ആഴ്സണലിന് കാര്യങ്ങൾ അത്ര എളുപ്പമാവാൻ ഇടയില്ല. നിലവിലെ ഫോമിൽ സ്പർസിന് തന്നെയാണ് ആധിപത്യം എങ്കിലും ആഴ്സണലിന്റെ മൈതാനത്തെ അവരുടെ റെക്കോർഡ് അത്ര മികച്ചതല്ല. അവസാനം ആഴ്സണലിനെതിരെ കളിച്ച 32 എവേ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സ്പർസിന് ജയിക്കാൻ ആയത്. പക്ഷെ അവസാന 6 മത്സരങ്ങളിൽ ആഴ്സണലിന് സ്പർസിനെതിരെ ജയിക്കാനായില്ല. അതുകൊണ്ടു തന്നെ ഒരു സമനില എന്നത് സ്പർസിനെ സംബന്ധിച്ചു മികച്ച ഫലമാവും. അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ജയിച്ചെങ്കിലും സ്പർസിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഹാരി കെയ്ൻ നെ തടയുക എന്നത് തന്നെയാവും ആഴ്സണലിന്റെ പ്രഥമ ലക്ഷ്യം. ആഴ്സണൽ നിരയിൽ കഴിഞ്ഞ മത്സരത്തിൽ വെങ്ങർ ബെഞ്ചിൽ ഇരുത്തിയ ലകസറ്റേ തിരിചെത്തിയേക്കും.

പരിക്ക് കാരണം ഏറെ നാളുകൾ പുറത്തിരുന്ന മുസ്താഫിയും വെൽബേക്കും കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാവാൻ ഇടയില്ല. പരിക്കേറ്റ ജിരൂദും ഇത്തവണ ടീമിൽ ഉണ്ടാവുമോ എന്ന ഉറപ്പില്ല. നേരിയ പരിക്ക് ഉണ്ടെങ്കിലും കെയ്ൻ ആദ്യ ഇലവനിൽ ഉണ്ടാവും, ഹാരി വിങ്ക്സ്, ലോറിസ്, ഡലെ അലി എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇവർ കളിക്കുമോ എന്നത് ഇന്ന് മാത്രമേ അറിയാൻ സാധിക്കൂ.  ജയിച്ചാൽ സിറ്റിയുമായുള്ള കിരീട പോരാട്ടത്തിൽ പിറകിൽ പോകാതിരിക്കാനാവും സ്പർസിന്. ആഴ്സണലിന് ജയിച്ചാൽ ആദ്യ നാലിലേക്ക് എത്താനും സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനിദാഹസ് ട്രോഫി, ഇന്ത്യ ഉള്‍പ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പര ശ്രീലങ്കയില്‍
Next articleഎടിപി ടൂർ സെമിഫൈനൽ ലൈനപ്പായി