മൂന്ന് പേർ വന്നിട്ടും ഈ ടീമിന് പുരോഗതിയില്ല, യുണൈറ്റഡിനെതിരെ വിമർശനവുമായി ജോസ് മൗറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകൻ ജോസ് മൗറീഞ്ഞോ. ഒലെയുടെ ടീം താൻ പരിശീലിപ്പിച്ച ടീമിൽ നിന്ന് കാര്യമായ ഒരു പുരോഗതിയും നേടിയിട്ടില്ലെന്നും ടീം വളരെ മോശമായാണ് വെസ്റ്റ് ഹാമിനെതിരെ കളിച്ചതെന്നും മൗറീഞ്ഞോ അഭിപ്രായപ്പെട്ടു. ഒരു ചാനലിൽ യുണൈറ്റഡ്- വെസ്റ്റ് ഹാം കളി വിലയിരുത്താൻ എത്തിയപ്പോൾ ആണ് മൗറീഞ്ഞോ തന്റെ പഴയ ടീമിന് എതിരെ തിരിഞ്ഞത്.

2018-2019 സീസണിന്റെ തുടക്കത്തിൽ താൻ പരിശീലിപ്പിച്ച ടീം വളരെ മോശമായിരുന്നു എന്ന് അംഗീകരിച്ച മൗറീഞ്ഞോ പക്ഷെ അതിൽ നിന്ന് ടീം മാറിയിട്ടില്ല എന്നാണ് അഭിപ്രായപ്പെട്ടത്. ‘ അവസാന സീസണിൽ ഞങ്ങൾ വളരെ മോശമായിരുന്നു. പക്ഷെ മൂന്ന് പുതിയ കളിക്കാർ വന്നിട്ടും അതിൽ നിന്ന് ഒരു മാറ്റവും ഞാൻ ഈ സീസണിലും കാണുന്നില്ല’ എന്നാണ് മൗറീഞ്ഞോ പറഞ്ഞത്. പക്ഷെ പുതുതായി വന്ന 3 കളിക്കാരും ടീമിലേക്ക് മാറ്റങ്ങൾ കൊണ്ട് വന്നെങ്കിലും അത് മതിയായില്ല എന്നാണ് മൗറീഞ്ഞോ പറഞ്ഞത്. മൗറീഞ്ഞോയുടെ അഭിപ്രായത്തോട് സമാനമായ അഭിപ്രായമാണ് മുൻ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീനും മത്സര ശേഷം അഭിപ്രായപെട്ടത്.

വെസ്റ്റ് ഹാമിന് എതിരെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് യുണൈറ്റഡ് ഇന്ന് തോറ്റത്. നിലവിൽ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.