
തുടർച്ചയായ 4 തോൽവികളിൽ നിന്ന് കര കയറാൻ ന്യൂ കാസിലിനാവുമോ ? ഇന്ന് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെ നേരിടാൻ ഇറങ്ങുന്ന റാഫാ ബെനീറ്റസിന്റെ ടീമിന് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമാവാൻ ഇടയില്ല. പരിശീലകൻ ടോണി പ്യുലിസിന്റെ പുറത്താക്കലിന് ശേഷമിറങ്ങിയ വെസ്റ്റ് ബ്രോം സ്പർസിനെതിരെ മികച്ച പ്രകടനത്തോടെ സമനില പിടിച്ചിരുന്നു. ഇത്തവണ സ്വന്തം മൈതാനത്താണ് പ്രകടനം എന്നത് വെസ്റ്റ് ബ്രോം കളിക്കാർക്ക് ഊർജമാവും എന്ന് ഉറപ്പാണ്. ഇത്തവണയും ന്യൂ കാസിൽ റെലഗേഷൻ പോരാട്ടം നടത്തേണ്ടി വരുമെന്ന് ന്യൂ കാസിൽ പരിശീലകൻ ബെനീറ്റസ് സമ്മതിച്ചിട്ടുണ്ടെങ്കിലും പറ്റുന്നത്ര പോയിന്റ് സ്വന്തമാക്കി ക്ലബ്ബിനെ പ്രീമിയർ ലീഗിൽ തന്നെ നില നിർത്താനാകും ശ്രമം.
ന്യൂ കാസിൽ ടീമിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ബെനീറ്റസ് അറിയിച്ചിട്ടുണ്ട്. വിലക്ക് മാറി ഇസക്ക് ഹൈഡനും, പരിക്ക് മാറി മിക്കേൽ മൊറിനോയും ന്യൂ കാസിൽ നിരയിൽ തിരിച്ചെത്തിയേക്കും. ,വെസ്റ്റ് ബ്രോം നിരയിൽ പരിക്കേറ്റ നേസർ ചാഡ്ലിയും , ജെയിംസ് മോറിസനും ഇത്തവണ കളിക്കാനുള്ള സാധ്യത കുറവാണ്. അവസാന 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ വെസ്റ്റ് ബ്രോമിനായില്ല. നീ കാസിലിന്റെ നിലവിലെ ഫോം വച്ചു നോക്കുമ്പോൾ അവർക്ക് അത് തിരുത്താനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരം. റാഫ ബെനീറ്റസ് പരിശീലകനായ ശേഷമുള്ള ഏറ്റവും മോശം ഫോമിലാണ് ന്യൂ കാസിൽ. അവസാന 17 പ്രീമിയർ ലീഗ് എവേ മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർക്ക് ജയിക്കാനായിട്ടുള്ളത്. എങ്കിലും പരിശീലകൻ എന്ന നിലയിൽ റാഫാ ബെനീറ്റസിന്റെ വെസ്റ്റ് ബ്രോമിനെതിരായ റെക്കോർഡ് മികച്ചതാണ്. 7 മത്സരങ്ങൾ വെസ്റ്റ് ബ്രോമിനെതിരെ കളിച്ച റാഫാ എല്ലാ മത്സരവും ജയിച്ചിട്ടുണ്ട് എന്നത് ന്യൂ കാസിലിന് പ്രതീക്ഷ നൽകും.
ഇന്ന് പുലർച്ചെ 1.30 നാണ് മത്സരം അരങ്ങേറുക.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബ്രൈയ്റ്റൻ ക്രിസ്റ്റൽ പാലസിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial