ഹാട്രിക് നേടി പെരസ്, ന്യൂകാസിലിന് ജയം

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന് ജയം. പാസിങ്ങിലും, പന്തടക്കത്തിലും, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാണിച്ച മികവ് ഫിനിഷിങ്ങിൽ മറന്ന സൗത്താംപ്ടനെ വീഴ്ത്തിയാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് 3-1 നാണ് ബെനീറ്റസിന്റെ ടീം ജയിച്ചത്. അയേസോ പെരസ് നേടിയ ഹാട്രിക്കാണ്‌ അവർക്ക് ജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ പെരസിന്റെ 2 ഗോളുകളാണ് ന്യൂ കാസിൽ ആധിപത്യം ഉറപ്പിച്ചത്. 27, 31 മിനിട്ടുകളിൽ പിറന്ന ഗോളുകൾ സൗത്താംപ്ടനെ ഞെട്ടിച്ചു. പക്ഷെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലെമിന സൗത്താംപ്ടനെ 59 ആം മിനുട്ടിൽ മത്സരത്തിലേക് തിരികെ എത്തിച്ചു. സ്കോർ 2-1. പക്ഷെ 86 ആം മിനുട്ടിൽ റിച്ചിയുടെ അസിസ്റ്റിൽ പെരസ് ഹാട്രിക് തികച്ചതോടെ സൗത്താംപ്ടന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. പെരസിന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക്കാണ്‌ ഇത്.