
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്ററിനെ മറികടന്ന് ന്യൂ കാസിലിനു ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂ കാസിൽ ജയം സ്വന്തമാക്കിയത്.
ആദ്യ പകുതിൽ ഷെൽവിയുടെ ഗോളിലൂടെ ന്യൂ കാസിലാണ് മത്സരത്തിൽ ഗോളടി തുടങ്ങിയത്. രണ്ടു ലെസ്റ്റർ പ്രതിരോധ നിരയെ മനോഹരമായി കബളിപ്പിച്ചാണ് ഷെൽവി ഗോൾ നേടിയത്. ന്യൂ കാസിലിനു വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് പെനാൽറ്റി ബോക്സിൽ മഹറസിനെ ഫൗൾ ചെയ്തതിനു ലെസ്റ്റർ താരങ്ങൾ പെനാൽറ്റിക്ക് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ അയോ പെരസിലൂടെ ന്യൂ കാസിൽ ലീഡ് ഇരട്ടിയാക്കി. ലെസ്റ്റർ പ്രതിരോധ നിര വരുത്തിയ പിഴവ് മുതലെടുത്താണ് പെരസ് ന്യൂ കാസിലിന്റെ ലീഡ് ഇരട്ടിയാക്കിയത്. മത്സരം അവസാനിക്കാൻ 6 മിനിറ്റ് ശേഷിക്കെ ലെസ്റ്റർ വാർഡിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും സമനില നേടാനുള്ള രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല.
ജയത്തോടെ പോയിന്റ് പട്ടികയിൽ 10ആം സ്ഥാനത്ത് എത്തിയ ന്യൂ കാസിൽ ഇതോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറി. 43 പോയിന്റോടെ ലെസ്റ്റർ ലീഗിൽ എട്ടാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial