അർജന്റീന താരത്തെ സ്വന്തമാക്കി ന്യൂ കാസിൽ

സ്വാൻസിയുടെ അർജന്റീനിയൻ പ്രതിരോധ താരം ഫെഡറികോ ഫെർണാണ്ടസിനെ സ്വന്തമാക്കി ന്യൂ കാസിൽ യുണൈറ്റഡ്. സീസണിൽ ന്യൂ കാസിൽ യുണൈറ്റഡിന്റെ ഏഴാമത്തെ സൈനിങ്‌ ആണ് ഫെർണാണ്ടസ്. 29 കാരനായ ഫെർണാണ്ടസ് രണ്ടു വർഷത്തെ കരാറിലാണ് ന്യൂ കാസിലിൽ എത്തിയത്. 6 മില്യൺ പൗണ്ടിനാണ് താരം ന്യൂ കാസിലിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

അർജന്റീനക്ക് വേണ്ടി 32 മത്സരങ്ങൾ കളിച്ച ഫെർണാണ്ടസ് നാപോളിയിൽ ന്യൂ കാസിൽ പരിശീലകൻ റാഫ ബെനിറ്റസിനു കീഴിൽ കളിച്ചിട്ടുണ്ട്. 2014ൽ സ്വാൻസിയിൽ എത്തിയ ഫെർണാണ്ടസ് അവർക്ക് വേണ്ടി 100ൽ കൂടുതൽ പ്രീമിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ന്യൂ കാസിലിൽ 18ആം നമ്പർ ജേഴ്സിയാവും താരം അണിയുക. കഴിഞ്ഞ സീസണിൽ സ്വാൻസി സിറ്റി പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ടിരുന്നു.

ഫെർണാണ്ടസിനെ കൂടാതെ യോഷിനോറി മറ്റോ, ഫാബിയൻ സ്കാർ, കി സുങ് യുങ്, കെന്നഡി, സലോമോൻ റോണ്ടൻ, മാർട്ടിൻ ഡുബ്രോവ്ക എന്നിവരെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ന്യൂ കാസിൽ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial