മുൻ ചെൽസി താരം ഗാരി കാഹിൽ ക്രിസ്റ്റൽ പാലസിൽ

മുൻ ചെൽസി ക്യാപ്റ്റൻ ഗാരി കാഹിലിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസ്. രണ്ടു വർഷത്തെ കരാറിൽ ആണ് കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ചെൽസി വിട്ട കാഹിലിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കിയത്. ഏഴര വർഷം ചെൽസിക്ക് വേണ്ടി കളിച്ച കാഹിൽ 8 കിരീടവും ചെൽസിയിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ അവസാനത്തോടെ ചെൽസിയിൽ കാഹിലിന്റെ കരാർ അവസാനിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ പരിശീലകനായി മൗറിസിയോ സരി എത്തിയതോടെ ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതോടെ കാഹിൽ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ വെറും രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഗാരി കാഹിലിന് ചെൽസിയിൽ അവസരം ലഭിച്ചത്. പ്രതിരോധ താരം ആരോൺ വാൻ ബിസ്സകയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയെങ്കിലും ഫോർവേഡ് ജോർദാൻ ആയു, ഗോൾ കീപ്പർ സ്റ്റീഫൻ ഹെൻഡേഴ്സൻ എന്നിവരെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കിയിരുന്നു.