പോഗ്ബ അടുത്ത വർഷവും യുണൈറ്റഡിൽ തന്നെ തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൗറിഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ അടുത്ത വർഷവും യുണൈറ്റഡിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഹോസെ മൗറിഞ്ഞോ. മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റോ താനോ പോഗ്ബയെ ട്രാൻസ്ഫർ മാർക്കറ്റിൽ വിൽക്കുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും മൗറിഞ്ഞോ പറഞ്ഞു. എന്നാൽ ക്ലബ് വിടുന്നതിനെ പറ്റി അവസാന തീരുമാനം താരത്തിന്റെ അഭിപ്രായം അനുസരിച്ചായിരിക്കും എന്നും മൗറിഞ്ഞോ പറഞ്ഞു.

സീസണിൽ നിരവധി തവണ മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമിൽ പോഗ്ബയുടെ സ്ഥാനം പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഇതിൽ അസന്തുതഷ്‌ടനായ താരം ക്ലബ് വിടുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ ഒരു കാരണവശാലും ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിന് പുറത്തു പോവില്ലെന്നും മൗറിഞ്ഞോ പറഞ്ഞു. അടുത്ത വർഷം മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമിൽ കൂടുതൽ താരങ്ങൾ എത്തുമെന്ന് സൂചിപ്പിച്ച മൗറിഞ്ഞോ യുണൈറ്റഡ് ടീം എനിയും മെച്ചപ്പെടാനുണ്ടെന്നും പറഞ്ഞു.

നേരത്തെ ജനുവരിയിൽ പോൾ പോഗ്ബയെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തയ്യാറാണെന്നും പോഗ്ബയുടെ ഏജന്റ് മിനോ റായ്യോള തന്നോട് പറഞ്ഞതായി മാഞ്ചസ്റ്റർ സിറ്റി കോച്ച് ഗ്വാർഡിയോള പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം താരം പി.എസ്.ജിയിലേക്കോ യുവന്റസിലേക്കോ പോവും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial