ചെൽസിക്ക് കനത്ത തിരിച്ചടി, മൊറാട്ട പുറത്ത്

ചെൽസിക്ക് വൻ തിരിച്ചടിയായി സ്ട്രൈക്കർ മൊറാട്ടയുടെ പരിക്ക്. ഹാംസ്ട്രിംഗിന് പരിക്കേറ്റ മൊറാട്ടക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും കളിക്കാൻ ആവില്ല എന്നാണ് സ്പാനിഷ് എഫ് എ യുടെ മെഡിക്കൽ ടീം കണ്ടെത്തിയിരിക്കുന്നത്. ലെവൽ രണ്ട് ഹാംസ്ട്രിംഗ് പരിക്ക് പറ്റിയ മൊറാട്ട നേരത്തെ സ്പെയിൻ ദേശീയ മത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കുന്നതിനിടെയാണ് മൊറാട്ടക്ക് പരിക്ക് പറ്റിയത്. തുടർന്ന് മത്സരം 35 മിനുറ്റ് പിന്നിട്ടപ്പോൾ താരം  മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

സീസണിൽ ലീഗിൽ ചെൽസി നേടിയ ഗോളുകളി പകുതിയും നേടിയ മൊറാട്ടയുടെ പരിക്ക് ചെൽസിക്ക് കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ചും ഒക്ടോബറിൽ ഏതാനും പ്രധാനപ്പെട്ട മത്സരങ്ങൾ കളിക്കാനുള്ള ചെൽസിക്ക് ഒന്നാം നമ്പർ സ്‌ട്രൈക്കറായ മൊറാട്ടക്ക് പകരക്കാരനെ കളിപ്പിക്കുക എന്നതും എളുപ്പമാവില്ല. മിച്ചി ബാത്ശുവായി ബെഞ്ചിൽ നിന്ന് ഇറങ്ങി ഏതാനും ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ താരത്തിന് തിളങ്ങാനാവാതെ പോയിരുന്നു. വേറെ ഒരു സ്ട്രൈക്കർ ടീമിൽ ഇല്ല എന്നതും ചെൽസിക്ക് ആശങ്ക ഉളവാക്കുന്നു. സിറ്റിക്കെതിരെ മൊറാട്ട പിൻവാങ്ങിയപ്പോൾ പകരം വില്ലിയനെ ഇറക്കിയ കോണ്ടേ ഇനിയും ബാത്ശുവായിയിൽ തനിക്ക് പരിപൂർണ്ണ വിശ്വാസമില്ല എന്ന് വ്യക്തമാക്കിയതാണ്.

ചാംപ്യൻസ് ലീഗിൽ റൊമാകെതിരെയുള്ള 2 മത്സരങ്ങൾ, ലീഗിൽ ക്രിസ്റ്റൽ പാലസ്, വാട്ട് ഫോർഡ്, എവർട്ടൻ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ മൊറാട്ട ഉണ്ടാവില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. ഒരു പക്ഷെ മൊറട്ടക്ക് ഒരു മാസത്തിൽ കൂടുതൽ വിശ്രമം വേണ്ടിവരും എന്നും റിപ്പോർട്ടുകൾ ഉണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കിൽ നവംബറിലെ ഏതാനും മത്സരങ്ങളും മൊറാട്ടക്ക് നഷ്ടമായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleFanzone : സ്ലാട്ടന് ഇന്ന് മുപ്പത്തിആറാം പിറന്നാൾ
Next articleപരമ്പര 2-0 നു സ്വന്തമാക്കി ഇന്ത്യ എ