Site icon Fanport

ഇരട്ട ഗോളുകളുമായി മൊറാട്ട, ചെൽസി പാലസിനെ വീഴ്ത്തി

ആൽവാരോ മൊറാട്ട ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ ക്രിസ്റ്റൽ പാലസിന് എതിരെ ചെൽസിക്ക് ജയം. 3-1 നാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഇതോടെ 11 മത്സരങ്ങൾ പിന്നിട്ടപ്പോൾ ചെൽസി പരാജയമറിയാതെ 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. പെഡ്രോയാണ് ചെൽസിയുടെ മൂന്നാം ഗോൾ നേടിയത്.

ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ വിരസമായിരുന്നു കളി. എങ്കിലും 32 ആം മിനുട്ടിൽ ചെൽസി ഗോൾ നേടി. പെഡ്രോയുടെ പാസിൽ നിന്ന് മൊറാട്ടയുടെ ഗോൾ. അവസാനം കളിച്ച 4 കളികളിൽ നിന്ന് മൊറാട്ടയുടെ മൂന്നാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ഉണർവ്വോടെ കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് പാലസിന്റെ സമനില ഗോൾ പിറന്നത്. 53 ആം മിനുട്ടിൽ ആൻഡ്രൂ ടൗൻസെൻഡ് ആണ് ഗോൾ നേടിയത്. ഇതോടെ വില്ലിയൻ, ബാർക്ലി എന്നിവരെ പിൻവലിച്ച സാരി ഹസാർഡ്, കൊവാചിച് എന്നിവരെ കളത്തിൽ ഇറക്കി. 65 ആം മിനുട്ടിൽ ഹസാർഡിന്റെ ഫ്രീകിക്കിൽ നിന്ന് മൊരാട്ട മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. അഞ്ച് മിനിട്ടുകൾക്ക് ശേഷം ആലോൻസോയുടെ മികച്ച പാസ് ഗോളിലാക്കി പെഡ്രോ ചെൽസിക്ക് മത്സരത്തിൽ പിടി മുറുക്കാൻ അവസരമൊരുക്കി. പിന്നീട് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചു വരാൻ പാലസിന് ആയതുമില്ല.

Exit mobile version