റെക്കോർഡുകൾ മറികടന്ന് മുഹമ്മദ് സാലഹ്

- Advertisement -

പ്രീമിയർ ലീഗിൽ ആദ്യ ഹാട്രിക് നേടുന്ന ഈജിപ്ത് താരമായി ലിവർപൂൾ താരം മുഹമ്മദ് സാലഹ്. വാറ്റ്ഫോർഡിനെതിരെ നേടിയ ഹാട്രിക്കോടെയാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ നാല് ഗോൾ നേടിയ സാലഹ് ഫിർമിനോയുടെ ഗോളിനുള്ള അസിസ്റ്റും നൽകിയിരുന്നു. സാലയുടെ ഗോളുകളുടെ പിൻബലത്തിൽ ലിവർപൂൾ ഏകപക്ഷീയമായ 5 ഗോളുകൾക്ക് വാറ്റ്ഫോർഡിനെ തോൽപ്പിച്ചിരുന്നു.

ലിവർപൂൾ മാനേജർ ക്ളോപ്പിന് കീഴിൽ ആദ്യമായി ഹാട്രിക് നേടുന്ന താരം കൂടിയാണ് സാലഹ്. ഒരു മത്സരത്തിൽ ലിവർപൂളിന് വേണ്ടി നാല് ഗോൾ നേടുന്ന നാലാമത്തെ താരമാണ്  സാലഹ്. റോബി ഫൗളർ, മൈകിൾ ഓവൻ, ലൂയിസ് സുവാരസ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഒരു മത്സരത്തിൽ നാല് ഗോൾ നേടിയ താരങ്ങൾ. ഈ റെക്കോർഡുകൾക്ക് പുറമെ ആദ്യ സീസണിൽ ലിവർപൂളിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിനൊപ്പമെത്താനും സാലക്കായി.  2007-08 സീസണിൽ 33 ഗോളുകൾ നേടിയ ഫെർണാണ്ടോ ടോറസിന്റെ റെക്കോർഡിനൊപ്പമാണ് സാലഹ് എത്തിയത്.

പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 28 ഗോളോടെ സാലഹ് ബഹുദൂരം മുൻപിലാണ്. 24 ഗോൾ നേടി രണ്ടാം സ്ഥാനത്തുള്ള ഹരി കെയ്ൻ പരിക്കേറ്റു ദീർഘ കാലം പുറത്തുപോയതോടെ ഗോൾഡൻ ബൂട്ട് പുരസ്കാരത്തിൽ 21 ഗോൾ നേടിയ അഗ്വേറോയാണ് സാലക്ക് പിറകിലുള്ളത്.  പ്രീമിയർ ലീഗിൽ ഒരു ഗോൾ കൂടി നേടിയാൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആഫ്രിക്കക്കാരൻ എന്ന റെക്കോർഡിന് ഒപ്പമെത്താനും സാലഹ്ക്ക് കഴിയും. ഒരു സീസണിലെ 29 പ്രീമിയർ ലീഗ് ഗോൾ നേടിയ ദിദിയർ ദ്രോഗ്ബയാണ് സാലയുടെ മുൻപിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement