മൈക്കൾ കാരിക്ക് യുണൈറ്റഡിൽ തന്നെ തുടരും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അനുഭവസമ്പത്തുകൊണ്ടും കളിമികവ് കൊണ്ടും ഫാൻസിന്റെ പ്രിയ താരം മൈക്കൾ കാരിക്കിന് യുണൈറ്റഡിൽ പുത്തൻ കരാർ. ഒരു വർഷത്തേക്കാണ് 35 കാരനായ കാരിക്ക് കരാർ ഒപ്പുവച്ചത്. മൗറീഞ്ഞോക്ക് കീഴിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്ന കാരിക് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന വാർത്തകൾക്കാണ് ഇതോടെ അന്ത്യമായത്.

2006 ലാണ് സർ അലക്‌സ് ഫെർഗൂസൻ ടോട്ടൻഹാമിൽ നിന്ന് കാരിക്കിനെ ഓൾഡ് ട്രാഫോഡിൽ എത്തിക്കുന്നത്. പുത്തൻ സീസണിൽ പ്രമുഖ കളിക്കാരെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന മൗറീഞ്ഞോ പക്ഷെ കാരിക്കിനെ അനുഭവസമ്പത്ത് നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല എന്നു വേണം കരുതാൻ. 5 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ കാരിക് ഇവയിലെല്ലാം നിർണായക പങ്കും വഹിച്ചിരുന്നു. കാരിക്കിനൊപ്പം സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ടീമിലെ യുവ താരങ്ങൾക്ക് മാതൃകയാണ് കാരിക് എന്നും ജോസ് മൗറീഞ്ഞോ പ്രതികരിച്ചു.

കഴിഞ്ഞ കാലങ്ങളിൽ മധ്യനിരയിൽ നിറ സാനിധ്യമായിരുന്ന ഇംഗ്ലീഷ് താരം ടീം ആവശ്യപ്പെടുമ്പോയൊക്കെ പ്രതിരോധത്തിലും അണി നിരന്നു. ഏതു പൊസിഷനിൽ കളിച്ചാലും സമ്പൂർണ്ണ സമർപ്പണ ബോധത്തോടെ കളിക്കുന്ന കാരിക് നിലവിലെ യൂണൈറ്റഡ് ടീമിലെ ഏറ്റവും മുതിർന്ന താരമാണ്.