
ആഴ്സണൽ ക്യാപ്റ്റൻ പെർ മെറ്റസാക്കർ അടുത്ത സീസണൊടെ കളി നിർത്തി മുഴുവൻ സമയ പരിശീലക ചുമതലയിലേക്ക് മാറുമെന്ന് ആഴ്സണൽ ഔദ്യോഗികമായി അറിയിച്ചു. 2018 ഇൽ ആഴ്സണലിന്റെ അക്കാദമി പരിശീലകനായി വെറ്ററൻ ജർമ്മൻ താരം ചുമതലയേൽക്കും എന്ന് ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചു.
ആഴ്സണൽ പരിശീലകൻ ആർസെൻ വെങ്ങറുടെ പരിപൂർണ്ണ പിന്തുണയോടുകൂടിയാണ് ഈ 32 കാരൻ അടുത്ത സീസണിൽ ആഴ്സണൽ അക്കാദമിയുടെ ചുമതല വഹിക്കുക. നേരത്തെ പല അവസരങ്ങളിലും മെറ്റസാക്കറിന്റെ നേതൃ പാടവത്തെയും യുവ താരങ്ങളെ സഹായിക്കാനുള്ള മനസ്സിനെയും വെങ്ങർ പുകഴ്ത്തിയിരുന്നു. ലോകകപ്പടക്കം നേടിയിട്ടുള്ള താരത്തിന്റെ സേവനം വരും നാളുകളിൽ ആഴ്സണൽ അക്കാദമിയിൽ നിന്ന് മികച്ച താരങ്ങളെ ലോകത്തിന് സമ്മാനിക്കാൻ പറ്റും എന്നു തന്നെയാവും ലണ്ടൻ ക്ലബ്ബിന്റെ പ്രതീക്ഷ. അടുത്ത വർഷം 33 വയസ്സ് തികയുകയേ ഒള്ളു എങ്കിലും കരിയറിൽ വിടാതെ പിന്തുടരുന്ന പരിക്കാണ് താരത്തെ വരാനിരിക്കുന്ന സീസണൊടെ കളി നിർത്തി പരിശീലക റോളിലേക്ക് മാറാൻ പ്രേരിപ്പിച്ചത് എന്ന് അറിയുന്നു. 2011 ഇൽ വെർഡർ ബ്രെമെനിൽ നിന്ന് ആഴ്സണലിൽ എത്തിയ പെർ മെറ്റസാക്കർ നിലവിൽ ക്ലബ്ബിനായി 150 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന സീസണിൽ കോശിയെൻലിക്കും മുസ്താഫിക്കും പിറകിലാവും ടീമിൽ സ്ഥാനം എങ്കിലും നിർണായക ഘട്ടങ്ങളിൽ ടീമിനെ സഹായിക്കാൻ താരത്തിനാവും. എഫ് എ കപ്പ് ഫൈനലിൽ ചെൽസിക്കെതിരെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസകൾക്ക് അർഹമായിരുന്നു. ഏറെ നാളത്തെ പരിക്കിന് ശേഷമാണ് താരം ആ മത്സരം കളിച്ചത്. കുറെ നാളുകളായി മുൻ താരങ്ങളെ പരിഗണിക്കുന്നില്ല എന്ന പഴി കേക്കുന്ന പരിശീലകൻ വെങ്ങറുടെ മികച്ച നീക്കമായാണിത് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഇതിഹാസ താരം ജെൻസ് ലേമാൻ ആർസനൽ കോച്ചിങ് ടീമിൽ ചേർന്നിരുന്നതും ഇതിനോടൊപ്പം ചേർത്ത് കാണണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial