ലിവർപൂളിൽ ഇന്ന് തീപ്പാറും പോരാട്ടം, കപ്പിലേക്കു അടുക്കാൻ ചെൽസി

രാജ്യാന്തര മത്സരങ്ങൾക്കായി പിരിഞ്ഞു രണ്ട് ആഴ്ചകൾക്കിപ്പുറം ഇംഗ്ലണ്ട് വീണ്ടും പ്രീമിയർ ലീഗ് ഫുട്ബാളിന്റെ ആവേശത്തിലേക്ക് തിരികെയെത്തും. ആൻഫീൽഡിൽ ലിവർപൂൾ – എവർട്ടൻ മത്സരത്തോടെയാണ് ഈ ആഴ്ചയിലെ മത്സരങ്ങൾക്ക് തുടക്കമാവുക.

സ്വന്തം മൈതാനത്താണെങ്കിലും ലിവർപൂളിന് എവർട്ടനെ മറികടക്കണമെങ്കിൽ നന്നായി തന്നെ വിയർപ്പൊഴുക്കേണ്ടി വരും. മികച്ച ഫോമിലുള്ള ലുകാകുവിനെയും , ബാർകലിയെയുമൊക്കെ ലിവർപൂൾ പ്രതിരോധം എങ്ങനെ തടയും എന്നതിനെ അനുസരിച്ചിരിക്കും ലിവർപൂളിന്റെ സാധ്യതകൾ. അതേസമയം തന്നെ രാജ്യാന്തര മത്സരങ്ങളുടെ ഇടയിൽ പരിക്കേറ്റ സീമാസ് കോൾമാൻ, ജെയിംസ് മകാർത്തി,ഫ്യുണസ് മോരി എന്നിവരുടെ അഭാവം എവർട്ടന് ക്ഷീണം ചെയ്‌തേക്കും. ലിവർപൂൾ നിരയിൽ ക്യാപ്റ്റൻ ഹെന്ഡേഴ്സൺ , ലല്ലാനാ , സ്റ്ററിഡ്ജ് എന്നിവരും പരിക്കിലാണ്. ആൻഫീൽഡിൽ കഴിഞ്ഞ 18  മത്സരങ്ങളുലും തോൽവി അറിയാതെയാണ് ലിവർപൂൾ കുതിക്കുന്നത്. ഏതായാലും ചരിത്രത്തിൽ ഇടം നേടിയ ഡെർബി ഇത്തവണയും മികച്ചൊരു പോരാട്ടം തന്നെയാവാനാണ് സാധ്യത.

പോയിന്റ് ടേബിളിലെമുന്നിൽ നിൽക്കുന്ന  ചെൽസിക്ക് എതിരാളികൾ പുറത്താക്കൽ ഭീഷണിയിൽ നിന്ന് രക്ഷനേടാൻ പൊരുതുന്ന ക്രിസ്റ്റൽ പാലസാണ്. മികച്ച ഫോമിലുള്ള ചെൽസിയെ അവരുടെ ഗ്രൗണ്ടിൽ തോൽപ്പിക്കുക എന്നത് അങ്ങേയറ്റം ശ്രമകരമാവുമെങ്കിലും അവസാനത്തെ മൂന്ന് മത്സരങ്ങളിലും ജയിച്ച ആത്മവിശ്വാസവുമായാവും സാം അലാഡെയ്സിന്റെ ടീമിറങ്ങുക.

സൂപ്പർ താരം ഹസാഡ് പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും ഇന്ന് കാളിച്ചേക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ. ചെൽസി നിരയിൽ അന്റോണിയോ കൊണ്ടെയുടെ ആദ്യ ഇലവനിൽ വേറെ ആർക്കും കാര്യമായ ഫിറ്റ്നസ് പ്രശ്നങ്ങളില്ല. 1982 നു ശേഷം ചെൽസിയുടെ ഗ്രൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാനാവാത്ത പാലസ് ഒരു പോയിന്റ് നേടാനായാൽ തന്നെ സംതൃപ്തരാവും.

മറ്റൊരു ലണ്ടൻ ടീമായ ടോട്ടൻഹാമിന്‌ എതിരാളികൾ ബേൺലിയാണ്. ബേൺലിയുടെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ  അതിന്റെ ആനുകൂല്യം പരമാവധി മുതലാക്കാനാവും അവരുടെ ശ്രമം. പക്ഷെ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധം ഉള്ള ടോട്ടൻഹാമിനെതിരെ ഗോൾ നേടുക എന്നത് ബേൺലിക്ക് വെല്ലുവിളിയാകും. ഡാനി റോസ്  ,ഹാരി കെയ്ൻ , ലാമെല എന്നിവരില്ലാതെയാവും ടോട്ടൻഹാം ടർഫ് മൂറിൽ ഇറങ്ങുക.

പുത്തൻ ഊർജം നേടി കുതിക്കുന്ന ലെസ്റ്റർ സിറ്റിക്ക് എതിരാളികൾ സ്റ്റോക്ക് സിറ്റിയാണ്. അവസാന മത്സരത്തിൽ ചെൽസിയോട് തോൽവി വഴങ്ങിയ സ്റ്റോക്കിന് ജയം നിർബന്ധമാണ് , പക്ഷെ പുതിയ പരിശീലകൻ ഷേക്സ്പിയറിനു കീഴിൽ അത്ഭുതാവഹമായ തിരിച്ചു വരവ് നടത്തുന്ന ലെസ്റ്ററിനെ അവരുടെ മൈതാനമായ കിംഗ് പവർ സ്റ്റേഡിയത്തിൽ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമാവില്ല. പ്രത്യേകിച്ചും വാർഡിയും റിയാദ് മഹറസും ഫോം വീണ്ടെടുത്ത സ്ഥിതിയിൽ. ഇന്ന് ലെസ്റ്റർ ജയിച്ചാൽ ആദ്യ നാല് മത്സരങ്ങളും ജയിക്കുന്ന ആദ്യ ബ്രിട്ടീഷ് പരിശീലകൻ എന്ന റെക്കോർഡ് ക്രെഗ് ഷേക്സ്പിയറിന്റെ പേരിലാകും.

ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികൾ ടോണി പ്യുലിസിന്റെ വെസ്റ്റ് ബ്രോമിച് ആൽബിയനാണ്. അവസാന മത്സരത്തിൽ ആഴ്‌സനലിനെ 3 – 1 ന് ഞെട്ടിച്ച പുലിസിന്റെ ടീം അതെ പ്രകടനം ഓൾഡ് ട്രാഫോർഡിലും ആവർത്തിച്ചാൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവില്ല. പക്ഷെ ഒക്ടോബറിന് ശേഷം ഒരൊറ്റ മത്സരം പോലും തോൽക്കാത്ത യുണൈറ്റഡിനെ തോൽപ്പിക്കുക അത്ര എളുപ്പമാവില്ല വെസ്റ്റ് ബ്രോമിന്. ആക്രമണ നിരയിൽ ഇബ്രാഹിമോവിച് ഇല്ലാതെ എങ്ങനെ യുണൈറ്റഡ് പ്രതിരോധത്തിന് പേര് കേട്ട വെസ്റ്റ് ബ്രോമിനെ തളക്കും എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. കൂടാതെ മധ്യനിരയിൽ പോഗ്ബ , ഹെരേര , മാറ്റ എന്നിവർ പരിക്കിന്റെ പിടിയിലുമാണ്.

ഫോമില്ലാതെ വിഷമിക്കുന്ന രണ്ട് ടീമുകളുടെ മത്സരമാണ് ഇന്ന് നടക്കുന്ന വാട്ട്ഫോർഡ് – സണ്ടർലാൻഡ് മത്സരം. അത്രയൊന്നും ശക്തരല്ലാത്ത വാട്ട് ഫോർഡിനെ തോൽപ്പിച്ച് പുറത്താക്കൽ ഭീഷണിയിൽ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിന്‌ ആക്കം കൂട്ടാനാവും ഡേവിഡ് മോയസിന്റെ ശ്രമം. ഗോളോടെ രാജ്യാന്തര തിരിച്ചു വരവ് ആഘോഷമാക്കിയ ജെർമെയ്ൻ ഡിഫോയിലാവും മോയസിന്റെ പ്രതീക്ഷ മുഴുവൻ.

എവെർട്ടനോട് ഏറ്റ കനത്ത തോൽ‌വിയിൽ നിന്ന് കരകയറാനാവും വെസ്റ്റ് ഹാമിനെ നേരിടാനിറങ്ങുന്ന ഹൾ സിറ്റി മാനേജർ മാർക്കോസ് സിൽവയുടെ ശ്രമം. നിലവിൽ 12 ആം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന്‌ ആദ്യ പത്തിൽ ഫിനിഷ് ചെയ്യണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിലെ ഫലങ്ങൾ നിർണായകമാണ്. പ്രത്യേകിച്ചും സാവൻ ബിലിച്ചിന്റെ ഭാവി തുലാസിലായ സ്ഥിതിക്ക്.

കഴിഞ്ഞ മാസം കളിച്ച രണ്ട് കളികളും ജയിച്ചു മികച്ച ഫോമിലുള്ള ബര്ന് മൗത്തിന് എതിരാളികൾ സൗത്താംപ്റ്റനാണ്. സൗത്തംപ്ട്ടന്റെ മൈതാനത്താണ് മത്സരം.  സൗത്താംപ്ടൺ നിരയിൽ ഇത്തവണയും ഗാബിയാദീനിക്ക് കളിക്കാൻ ആവില്ല.

Previous articleമിയാമി ഓപ്പൺ ഫെഡറർ-നദാൽ ഫൈനൽ
Next articleചാമ്പ്യന്‍പട്ടം നിലനിര്‍ത്താനായി സൺറൈസേഴ്‌സ്