മക്ടോമിനയും ടെല്ലസും പരിക്ക് മാറി എത്തി

ചാമ്പ്യൻസ് ലീഗിൽ പരാജയം ഏറ്റുവാങ്ങി ക്ഷീണത്തിൽ നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്തകൾ ആണ് ലഭിക്കുന്നത്‌. പരിക്ക് കാരണം പുറത്തായിരുന്ന അവരുടെ രണ്ട് താരങ്ങൾ തിരികെ എത്തിയതായി ക്ലബ് അറിയിച്ചു. അവസാന രണ്ടു മാസമായി പരിക്കേറ്റ് പുറത്തായിരുന്ന ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും മധ്യനിര താരം മക്ടോമിനയും ആണ് ഇന്ന് പരിശീലനം ആരംഭിച്ചത്. ടെല്ലസ് ഈ സീസണിൽ ഒരൊറ്റ മത്സരം കളിച്ചിട്ടില്ല. ടെല്ലസ് വന്നാൽ ലൂക് ഷോയ്ക്ക് വിശ്രമം നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും.

ഗ്രോയിൻ ഇഞ്ച്വറി മാറാൻ ശസ്ത്രക്രിയ നടത്തിയത് ആയിരുന്നു മക്ടോമിനെ പുറത്ത് ഇരിക്കാൻ കാരണം. മക്ടോമിനെ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ ആണ് തിരികെ എത്തിയത്. മക്ടോമിനെ വന്നാൽ യുണൈറ്റഡിന്റെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് ആശ്വാസം ഉണ്ടാകും. അടുത്ത മത്സരത്തിൽ വെസ്റ്റ് ഹാമിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടത്.