മാഞ്ചസ്റ്ററിന്റെ രക്ഷകനായി മാർഷ്യൽ, യുണൈറ്റഡ് വീണ്ടും വിജയ പാതയിൽ

- Advertisement -

മൗറീനോയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും ഇത്തിരി ആശ്വസിക്കാം. അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ എത്തിയിരിക്കുകയാണ്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ എവർട്ടണെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ജയത്തിൽ താരമായത് ഫ്രഞ്ച് താരം ആന്റണി മാർഷ്യൽ ആയിരുന്നു.

ഫോമിൽ ഇല്ലാത്ത ലുകാകുവിനെ ബെഞ്ചിൽ ഇരുത്തി റാഷ്ഫോർഡിനെ മുന്നിൽ കളിപ്പിച്ചാണ് മൗറീനോ ഇന്ന് ഇറങ്ങിയത്. അത് യുണൈറ്റഡിന് ഗുണം ചെയ്തു. മികച്ച ഫ്ലോയിൽ കളിച്ച യുണൈറ്റഡിന്റെ 27ആം മിനുട്ടിൽ ആദ്യ ഗോൾ എത്തി. മാർഷ്യലിന്റെ ബോക്സിലെ കുതിപ്പ് തടയാനുള്ള ഇദ്രീസെ ഗെയുടെ ശ്രമം മാഞ്ചസ്റ്ററിന് പെനാൾട്ടി നേടിക്കൊടുത്തു. പോഗ്ബ എടുത്ത പെനാൾട്ടി പിക്ഫോർഡ് രക്ഷപ്പെടുത്തി എങ്കിലും റീബൗണ്ടിൽ പോഗ്ബ പന്ത് വലയിൽ എത്തിച്ചു.

കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു മാഞ്ചസ്റ്ററിന്റെ രണ്ടാം ഗോൾ. പോഗ്ബയുടെ ഒരു പാസ് ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് സ്വീകരിച്ച മാർഷ്യൽ ഫസ്റ്റ് ടച്ച് സ്ട്രൈക്കിലൂടെ പിക്ക്ഫോർഡിനെ കീഴ്പ്പെടുത്തി. ഗംഭീര ഫിനിഷായിരുന്നു അത്. കളി സുഖമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിക്കുമെന്ന് തോന്നിപ്പിച്ചു എങ്കിലും 77ആം മിനുട്ടിൽ കളി മാറി. സ്മാളിംഗിന്റെ ടാക്കിൾ ടൈമിംഗ് തെറ്റിയപ്പോൾ എവർട്ടണ് പെനാൾറ്റി കിട്ടി. അത് ലക്ഷ്യത്തിൽ എത്തിച്ച് സിഡുർഡ്സൺ എവർട്ടണ് പ്രതീക്ഷ നൽകി.

കൂടുതൽ അറ്റാക്കിംഗ് ഓപ്ഷനുകൾ മാർകോ സിൽവ രംഗത്ത് ഇറക്കിയെങ്കിലും സമനില ഗോൾ ഓൾഡ്ട്രാഫോർഡിൽ പിറന്നില്ല. അവസാന എട്ടു മത്സരങ്ങളിൽ നിന്നുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം വിജയം മാത്രമണിത്.

Advertisement