Picsart 23 08 15 02 12 40 401

അവസരങ്ങൾ തുലച്ച് വോൾവ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച് വരാനെ

പ്രീമിയർ ലീഗിൽ വിജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വോൾവ്സിന് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അത്ര തൃപ്തികരമായിരുന്നില്ല യുണൈറ്റഡിന്റെ പ്രകടനം എങ്കിലും വരാനെ നേടിയ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഏറെ അവസര‌ങ്ങൾ വോൾവ്സ് തുലച്ചതാണ് യുണൈറ്റഡിന് സഹായമായത്.

ഇന്ന് പ്രീമിയർ ലീഗിൽ മികച്ച തുടക്കം ആഗ്രഹിച്ച് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളിയാണ് വോൾവ്സിൽ നിന്ന് നേരിട്ടത്‌. ഓൾഡ്ട്രാഫോർഡിൽ ആദ്യ പകുതിയിൽ വോൾവ്സ് ആയിരുന്നു മികച്ചു നിന്നത്. ഒനാനയെ പരീക്ഷിക്കാൻ അവർക്ക് ആയില്ല എങ്കിലും നല്ല അവസരങ്ങൾ അവർ സൃഷ്ടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ താളം കണ്ടെത്താനെ ആയില്ല. വീണു കിട്ടിയ ചില നല്ല അവസരങ്ങൾ മുതലാക്കാനും അവർക്ക് ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വോൾവ്സിന് ഒരു തുറന്ന അവസരം ലഭിച്ചു എങ്കിലും മാത്യുസ് കുന്യയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 55 മിനുട്ടിൽ ഒനാനയുടെ ഒരു സേവും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. പരിഹാരം കണ്ടെത്താൻ ആകാത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എറിസ്കണെയും സാഞ്ചോയെയും കളത്തിൽ ഇറക്കി.

മാറ്റങ്ങൾ യുണൈറ്റഡിന് ഗുണമായി മാറി. ആക്രമിച്ചു തുടങ്ങിയ യുണൈറ്റഡ് 75ആം മിനുട്ടിൽ വരാനെയിലൂടെ ലീഡ് എടുത്തു. വാൻ ബിസാക നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ വരാനെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. സ്കോർ 1-0. ഈ ഗോളിന് ശേഷം നിരവധി അവസരങ്ങൾ വോൾവ്സ് സൃഷ്ടിച്ചു എങ്കിലും ഒനാനയും യുണൈറ്റഡ് ഡിഫൻസും അവരുടെ വിജയം ഉറപ്പിച്ചു.

Exit mobile version