മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരമേ ഇല്ലാതെ വാൻ ഡെ ബീക്

Img 20210823 215604

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇന്നലെ സമനില വഴങ്ങിയതിനേക്കാൾ നിരാശയും കോപവും അവർക്ക് വാൻ ഡെ ബീകിനെ കളത്തിൽ കാണാൻ കഴിയുന്നില്ല എന്നതിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരം വാൻ ഡെ ബീകിന് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സബ്ബായി പോലും കളിക്കാൻ ആയിരുന്നില്ല. അവസാന സീസണുകളിൽ ദയനീയ പ്രകടനം കാഴ്ചവെച്ച പലതാരങ്ങൾക്കും അവസരം കിട്ടുമ്പോഴും വാൻ ഡെ ബീക് ബെഞ്ചിൽ തന്നെ ഇരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ ആയിരുന്നു വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നാൽ ആദ്യ സീസണിൽ കാര്യമായ അവസരം താരത്തിന് ലഭിച്ചില്ല. അന്ന് പ്രീമിയർ ലീഗിനോട് ഇണങ്ങാം താരത്തിന് ഇനിയും സമയം വേണം എന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ന്യായീകരണം. എന്നാൽ ഈ സീസണിലും താരം പുറത്ത് തന്നെ ഇരിക്കുന്നത് യുണൈറ്റഡ് ആരാധകരെ രോഷാകുലരാക്കുന്നുണ്ട്. ഈ സീസണായി വാൻ ഡെ ബീക് മികച്ച രീതിയിൽ ആയിരുന്നു ഒരുങ്ങിയത്. നേരത്തെ പ്രീസീസണ് എത്തിയ താരം തന്റെ ഫിസിക്കൽ സ്ട്രെങ്ത് വരെ മെച്ചപ്പെടുത്തിയിരുന്നു.

അയാക്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്ന സമയത്തായിരുന്നു യുണൈറ്റഡ് വലിയ തുക നൽകി താരത്തെ ടീമിൽ എത്തിച്ചത്. വാൻ ഡെ ബീകിന്റെ ടാലന്റിനെ വിശ്വസിക്കാൻ പോലും ഒലെ തയ്യാറായില്ല. ശരാശരി താരങ്ങളായ ഫ്രെഡിനും മാറ്റിചിനും ജെയിംസിനും ഒക്കെ ആവശ്യത്തിൽ അധികം അവസരം നൽകുന്ന പരിശീലകൻ ആണ് ഒലെ. പക്ഷെ വാൻ ഡെ ബീകിന്റെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു പ്രതീക്ഷയാർന്ന വാക്കു പോലും പറയാനില്ല. ഒലെയുടെ തന്നെ തീരുമാനം ആയിരുന്നു വാൻ ഡെ ബീകിനെ വാങ്ങുക എന്നത്. താരത്തെ കളിപ്പിക്കുന്നില്ല എങ്കിൽ വേറെ വല്ല ക്ലബിനു വിൽക്കണം എന്നാണ് ആരാധകർ പറയുന്നത്. വാൻ ഡെ ബീകിനെ പോലൊരു ടാലന്റ് വെറുതെ ബെഞ്ചിൽ ഇരിക്കുന്നത് താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കും എന്ന് അവർ പറയുന്നു.

Previous articleചെൽസി താരം സൂമക്കായി വെസ്റ്റ്ഹാം രംഗത്ത്
Next articleകൊടുങ്കാറ്റായി ഷഹീന്‍ അഫ്രീദി, വിന്‍ഡീസിന് തകര്‍ച്ച