മാഞ്ചസ്റ്റർ ഇനി എന്ന് യുണൈറ്റഡ് ആകും?!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷകളും തുടക്കത്തിൽ തന്നെ മങ്ങുകയാണ്. ആരാധകരും താരങ്ങളും മാനേജ്മെന്റും പരിശീലകരും ഒക്കെ ഇപ്പോൾ തന്നെ ഈ സീസണിലെ തങ്ങളുടെ പ്രതീക്ഷകൾ വെട്ടിചുരുക്കിയിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോയിൽ ആവശ്യമുള്ള താരങ്ങളെ വാങ്ങാതിരുന്നപ്പോൾ തന്നെ യുണൈറ്റഡിന്റെ ഗതി ഇതായിരിക്കും എന്ന് എല്ലാവരും വിധി എഴുതിയിരുന്നു. എന്നാൽ ചെൽസിക്ക് എതിരെ നേടിയ വലിയ വിജയം യുണൈറ്റഡ് ആരാധകരെ സത്യത്തിൽ കുറച്ച് ദിവസത്തേക്ക് അകറ്റി.

കഴിഞ്ഞ ആഴ്ച വോൾവ്സിനെതിരെയും ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരെയും ഒക്കെ കണ്ടത് ആണ് യുണൈറ്റഡിന്റെ യഥാർത്ഥ ചിത്രം. പെനാൾട്ടി നഷ്ടപ്പെടുത്തിയതും റഫറിയിങ്ങിലെ പിഴവുകളും ഒക്കെ പറഞ്ഞ് സോൾഷ്യാർ രക്ഷപ്പെടുന്നുണ്ട് എങ്കിലും ടീം ശക്തമല്ല എന്നതാണ് യാഥാർത്ഥ്യം. ആദ്യ ഇലവനിൽ കളിക്കുന്ന പലരും ബെഞ്ചിൽ പോലും ഇരിക്കാൻ കൊള്ളാത്തവരാണ് എന്നതാണ് സത്യം.

ലിംഗാർഡ്, മക്ടോമിനെ എന്നിവരൊക്കെ ടീമിന് എന്താണ് സംഭാവന ചെയ്യുന്നത് എന്ന് കളി കാണുന്നവർക്ക് ആർക്കും മനസ്സിലാകുന്നില്ല. ലുകാകുവിനെ വിറ്റ സാഞ്ചേസിനെ വിൽക്കാൻ ശ്രമിക്കുന്ന ക്ലബ് പകരം ഒരു അറ്റാക്കിംഗ് താരത്തെ വരെ കൊണ്ടു വരുന്നത് ചിന്തിച്ചു പോലുമില്ല. ഇന്നലെ മാർഷ്യലിന് പരിക്കേറ്റതോടെ സ്ട്രൈക്കർ റോളിൽ ആര് കളിക്കും എന്നത് തന്നെ സോൾഷ്യാറിന് തലവേദനയാകും.

ആകെ റാഷ്ഫോർഡും മാർഷ്യലും മാത്രമായിരുന്നു ഗോളടിക്കാൻ കുറച്ചെങ്കിലും അറിയുന്ന യുണൈറ്റഡ് താരങ്ങൾ. ഇരുവർക്കും സീസണിൽ 20 ഗോളുകൾ അടിക്കാനുള്ള കഴിവില്ല എന്ന വേറെ കാര്യം. 17കാരനായ ഗ്രീൻവുഡ് ആണ് മാർഷ്യലിന് പകരമായി ഇറങ്ങാൻ യുണൈറ്റഡ് നിരയിൽ ഉള്ളത്.

ഇന്നലെ ക്രിസ്റ്റൽ പാലസിനോട് ഏറ്റത് യുണൈറ്റഡ് ചരിത്രത്തിലെ പാലസിനോടുള്ള ലീഗിലെ ആദ്യ പരാജയമായിരുന്നു. ഇന്നലെ ഒരു ഗോളിന് പിറകിൽ ആയിരിക്കുമ്പോൾ കളി മാറ്റാൻ പറ്റുന്ന ഒരാൾ പോലും യുണൈറ്റഡ് ബെഞ്ചിൽ ഉണ്ടായിരുന്നില്ല. മാറ്റ, പെരേര, ഗ്രീൻവുഡ്, മാറ്റിച് എന്നിവർ അടങ്ങിയ ബെഞ്ചിന് കാര്യമായി ഒന്നും സംഭാവന ചെയ്യാനുള്ള കഴിവ് ഇല്ല.

സ്ട്രൈക്കറെയും ഒരു ക്രിയേറ്റീവ് മിഡ്ഫീൽഡറെയും വാങ്ങാതെ സീസൺ തുടങ്ങിയതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് കൊടുക്കുന്ന വിലയാണിത്. ഇന്നലെ ലൂക് ഷോയ്ക്കും പരിക്കേറ്റിരുന്നു. ഇതോടെ യുണൈറ്റഡ് ആരാധകർക്ക് ഒട്ടും ഇഷ്ടമല്ലാത്ത ആഷ്ലി യങ്ങ് ആദ്യ ഇലവനിൽ എത്തും എന്ന അവസ്ഥയുമായി.

ഈ ടീമിനെ വെച്ച് യുണൈറ്റഡ് ആദ്യ ആറിൽ പോലും എത്തില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രീമിയർ ലീഗിലെ ശരാശരി ക്ലബുകൾ ആയിരുന്ന വോൾവ്സ്, ലെസ്റ്റർ, എവർട്ടൺ, വെസ്റ്റ് ഹാം എന്നിവരൊക്കെ ടീം ഒരോ സീസൺ കഴിയുമ്പോൾ മെച്ചപ്പെടുത്തി കൊണ്ട് വരുമ്പോൾ സ്വയം ഭൂലോകത്തിന്റെ സ്പന്ദനമായി കണക്കാക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകോട്ട് വെച്ചു പിടിക്കുകയാണ്.