ഇന്ന് മുതൽ മാഞ്ചസ്റ്ററിന് സ്ക്വിഡ് ഗെയിം!! ഒലെ എലിമിനേറ്റ് ആകുമോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഒലെയും ഭാവി തീരുമാനിക്കുന്ന മാസമാണ് ഇനി മുന്നിൽ ഉള്ളത്. ഇന്ന് ലെസ്റ്ററിനെ നേരിടുന്നത് മുതൽ അങ്ങോട്ട് മാഞ്ചസ്റ്ററിന് മുന്നിൽ ഉള്ളത് എല്ലാം വലിയ മത്സരങ്ങൾ ആണ്. മുമ്പ് ജോലി പോകും എന്ന് ആശങ്ക വന്ന അവസരങ്ങളിൽ എല്ലാം ഒലെ വിജയ പരമ്പരകളുമായി തന്റെ ജോലി നിലനിർത്തിയിട്ടുണ്ട്. അങ്ങനെ ഒന്ന് ഒരിക്കൽ കൂടെ ഉണ്ടാകുമോ എന്നത് കണ്ടറിയണം. ഡിഫൻസിൽ വരാനെയും മഗ്വയറും അടക്കം പുറത്ത് ഇരിക്കെ ഒകെയുടെ ടീമിന് വിജയം നേടാൻ ആകുമോ എന്നത് വലിയ വെല്ലുവിളി ആണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ ആയില്ല എന്നത് ആരാധകരെ ഏറെ രോഷാകുലരാക്കിയിട്ടുണ്ട്. അവസാന നാലു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ ഒരു മത്സരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഉള്ളത് വളരെ പ്രയാസമുള്ള മത്സരങ്ങളുടെ നീണ്ട നിരയാണ്. താരതമ്യേനെ എളുപ്പമുള്ള മത്സരങ്ങളുമായി സീസൺ തുടങ്ങാൻ കഴിഞ്ഞിട്ടും അത് മുതലെടുക്കാൻ യുണൈറ്റഡിന് ആയിരുന്നില്ല.

ലെസ്റ്റർ സിറ്റി, അറ്റലാന്റ, ലിവർപൂൾ, സ്പർസ്, അറ്റലാന്റ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ആറു മത്സരങ്ങൾ. ഈ മത്സരങ്ങൾ എല്ലാം ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒരു പോലെ നിർണായകമാണ്. ഈ മത്സരങ്ങളിലും നിരാശ തുടർന്നാൽ ഒലെയുടെ യുണൈറ്റഡിലെ സ്ഥാനം തെറിക്കാൻ ആണ് സാധ്യത. ഒലെ മാറി നല്ല പരിശീലകൻ വരണം എന്നാണ് യുണൈറ്റഡ് ആരാധകരിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.