Picsart 23 08 19 23 32 54 930

പാഠങ്ങൾ പഠിക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പർസിന്റെ ഗ്രൗണ്ടിൽ നിന്ന് തോൽവിയുമായി മടങ്ങി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് സ്പർസ് അവരുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് ലീഗിലെ രണ്ടാം മത്സരത്തിൽ ലണ്ടണിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട സ്പർസ് മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ച. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ പരാജയവുമാണിത്‌. ആദ്യ മത്സരത്തിൽ യുണൈറ്റഡ് വോൾവ്സിനെ തോൽപ്പിച്ചിരുന്നു എങ്കിലും അന്നും യുണൈറ്റഡ് നല്ല ഫുട്ബോൾ കളിച്ചിരുന്നില്ല. അതിന്റെ ആവർത്തനമാണ് ഇന്ന് കണ്ടത്.

ഇന്ന് സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ഒപ്പത്തിനൊപ്പം നിന്ന് ആദ്യ പകുതിയാണ് കാണാൻ ആയത്‌. ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിലൂടെയും ബ്രൂണോയിലൂടെയും ഗോളിന് അടുത്ത് എത്തി എങ്കിലും ഗോൾ പിറന്നില്ല. മറുവശത്ത് സ്പർസിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പെനാൾട്ടിക്ക് ആയി അപ്പീൽ ചെയ്തു എങ്കിലും റഫറി മൈക്കൽ ഒളിവർ പെനാൾട്ടി നൽകിയില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ സ്പർസ് ലീഡ് എടുത്തു‌. കുളുസവേസ്കിയുടെ വിങ്ങിലൂടെയുള്ള കുതിപ്പും അതിനു ശേഷമുള്ള ബോളും യുണൈറ്റഡ് ഡിഫൻസ് ഭേദിച്ചു. ബോക്സിലേക്ക് ഓടിയെത്തിയ സാർ സ്പർസിന് ലീഡും നൽകി.

ഇതിനു പിന്നാലെ ഗോൾ മടക്കാൻ യുണൈറ്റഡിന് അവസരം വന്നു‌. എന്നാൽ ആന്റണിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 55ആം മിനുട്ടിൽ കസെമിറോയുടെ ഹെഡർ മികച്ച സേവിലൂടെ വികാരിയോ തടഞ്ഞു. ഇതിനു ശേഷം കാര്യമായി നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. നിരവധി മാറ്റങ്ങൾ ടെൻ ഹാഗ് നടത്തി നോക്കിയിട്ടും കളിയിലേക്ക് തിരികെ വരാനുള്ള ഊർജ്ജം യുണൈറ്റഡിന് കണ്ടെത്താൻ ആയില്ല.

82ആം മിനുട്ടിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ സെൽഫ് ഗോളിലൂടെ സ്പർസ് രണ്ടാം ഗോൾ കൂടെ കണ്ടെത്തിയതോടെ സ്പർസ് വിജയം ഉറപ്പിച്ചു.

Exit mobile version