ഇന്നും ജയിച്ചില്ലെങ്കിൽ ടോപ് 4 മറക്കാം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ

Newsroom

പ്രീമിയർ ലീഗിൽ ഇന്ന് നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ നേരിടും. ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ കാത്ത് സൂക്ഷിക്കണം എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയിച്ചേ പറ്റൂ. എന്നാൽ റോയ് ഹോഡ്സന്റെ പാലസ് ഒട്ടും എളുപ്പമുള്ള എതിരാളികൾ ആകില്ല. കഴിഞ്ഞ മത്സരത്തിൽ സൗതാമ്പ്ടണ് എതിരെ അവസാന നിമിഷത്തിൽ സമനില വഴങ്ങിയ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് എത്താനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തിയിരുന്നു.

ആ നിരാശ മാറ്റാൻ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലക്ഷ്യമിടുക. ആദ്യ ഇലവിൽ കാര്യമായ മാറ്റം ഇന്ന് നടക്കാൻ സാധ്യതയുണ്ട്. ലെഫ്റ്റ് ബാക്കിൽ ആര് ഇറങ്ങും എന്നതാകും യുണൈറ്റഡിന്റെ പ്രധാന പ്രശ്നം. ലൂക് ഷോയും ബ്രണ്ടൻ വില്യംസും അവസാന മത്സരത്തിൽ പരിക്കേറ്റ് പുറത്ത് പോയിരുന്നു. വില്യംസിനെ എങ്കിലും ഇറക്കാൻ ആകും എന്നാണ് ഒലെ പ്രതീക്ഷിക്കുന്നത്.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കും മുമ്പ് ലെസ്റ്റർ സിറ്റി ഷെഫീൽഡ് യുണൈറ്റഡിനെ നേരിടുന്നുണ്ട്. ആ മത്സര ഫലവും യുണൈറ്റഡിന് നിർണായകമാണ്. ലെസ്റ്റർ പോയന്റ് നഷ്ടപ്പെടുത്തുക ആണെങ്കിൽ ഒരു ജയം കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാമത് എത്താൻ ആകും. യുണൈറ്റഡിന്റെ മത്സരം രാത്രി 12.45നാണ്.