സൂപ്പർ താരങ്ങൾ മാത്രം പോര, ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓൾഡ്ട്രാഫോർഡിൽ വീണ്ടും നിരാശ. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനോട് തോറ്റ യുണൈറ്റഡ് ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഒരിക്കൽ കൂടെ പരാജയപ്പെട്ടു. ഇന്ന് ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെർണാണ്ടസ് ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതും യുണൈറ്റഡിന് തിരിച്ചടിയായി.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ മികച്ച രീതിയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയത്. ആദ്യ മിനുട്ടിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിന് നല്ല അവസരം കിട്ടി എങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചത് ആസ്റ്റൺ വില്ലക്കായുരുന്നു. ഇതിൽ ഹാരി മഗ്വയറിന്റെ ബാക്ക് പാസിൽ നിന്ന് വാറ്റ്കിൻസിന് ലഭിച്ച അവസരം ഗോളാണെന്ന് ഉറച്ചതായിരുന്നു. ഡി ഹിയയുടെ കാലു കൊണ്ടുള്ള സേവാണ് യുണൈറ്റഡിനെ രക്ഷിച്ചത്. ആദ്യ പകുതിയിൽ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പരിക്കേറ്റ് പുറത്തായതും പ്രശ്നമായി.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ആദ്യ പകുതിയിൽ ഒന്നും ചെയ്യാൻ ആയില്ല. ആദ്യ പകുതിയുടെ അവസാന നിമിഷം ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ നിന്ന് ഹാരി മഗ്വയറിന്റെ ഹെഡർ മാർട്ടിൻസ് മികച്ച ഡേവിലൂടെ സേവ് ചെയ്തു. ഇതായിരുന്നു യുണൈറ്റഡിന്റെ ആദ്യ പകുതിയിൽ ഏക നല്ല അവസരം. രണ്ടാം പകുതിയും ആസ്റ്റൺ വില്ല ആണ് മികച്ച രീതിയിൽ തുടങ്ങിയത്. രണ്ടാം പകുതിയിൽ പരിക്ക് കാരണം മഗ്വയറിനെയും യുണൈറ്റഡിന് നഷ്ടമായി.

69ആം മിനുട്ടിൽ ഒരിക്കൽ കൂടെ ഡി ഹിയ യുണൈറ്റഡിന്റെ രക്ഷകനാകുന്നത് കാണാൻ ആയി. വാറ്റ്കിൻസ് യുണൈറ്റഡ് ഡിഫൻസിനെ ആകെ ഡ്രിബിൾ ചെയ്ത് അകറ്റി ഷോട്ട് എടുത്തു എങ്കിലും ഡി ഹിയയെ കീഴ്പ്പെടുത്താൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും കൗണ്ടർ അറ്റാക്കുകൾ നടത്തുന്നുണ്ടായിരുന്നു എങ്കിലും ഫൈനൽ പാസ് നൽകാൻ ഹോം ടീമിനായില്ല.

യുണൈറ്റഡ് അവസാനം കവാനിയെ രംഗത്ത് ഇറക്കി അറ്റാക്ക് ശക്തമാക്കാൻ ശ്രമിച്ചു. പക്ഷെ ഫലം ഉണ്ടായില്ല. കളിയുടെ 89ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഹോസൺ യുണൈറ്റഡ് ആരാധകരെ നിശബ്ദരാക്കി കൊണ്ട് ലീഡ് നേടി. സ്കോർ 1-0.

പരാജയം മുന്നിൽ നിൽക്കെ 91ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിച്ചു. കവാനിയുടെ ഹെഡറ് ആസ്റ്റൺ വില്ലയുടെ താരത്തിന്റെ കൈക്ക് തട്ടിയതിനായുരുന്നു പെനാൾട്ടി. ബ്രൂണോ ആ പെനാൾട്ടി ആകാശത്തേക്കാണ് അടിച്ചത്. ഇതോടെ യുണൈറ്റഡ് പരാജയവുൻ ഉറപ്പായി.

പരാജയത്തിലേറെ നിരാശ നൽകുന്നതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ പ്രകടനം.