ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെയും കൂട്ടി ന്യൂകാസിലിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഏവരും കാത്തു നിൽക്കുന്ന മത്സരമാണ് നടക്കുന്നത്. ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിലും ഏറ്റുമുട്ടുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ ആയിരിക്കും. 13 വർഷങ്ങൾക്ക് ശേഷം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ മടങ്ങി എത്തുന്ന ആദ്യ മത്സരമാകും ഇത്. റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

റൊണാൾഡോ കളിക്കും എന്ന് ഒലെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റൊണാൾഡോയും കവാനിയും ഗ്രീൻവുഡും ആകും അറ്റാക്കിൽ ഇറങ്ങുക എന്നാണ് സൂചനകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിൽ ആര് ഇറങ്ങും എന്ന് വ്യക്തമല്ല. മക്ടോമിനയും ഫ്രെഡും ഇന്ന് ഉണ്ടാകില്ല. മാറ്റിചിനൊപ്പം പോഗ്ബയാകും വാൻ ഡെ ബീകാകുമോ ഇറങ്ങുക എന്നത് കണ്ടറിയണം.

ഡിഫൻസിൽ വരാനെ മഗ്വയർ തന്നെ ഇന്ന് സ്റ്റാർട് ചെയ്യും. ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ഇറങ്ങിയപ്പോൾ ലീഡ്സ് യുണൈറ്റഡിനെ തകർക്കാൻ ഒലെയുടെ ടീമിനായിരുന്നു‌. ഇന്നത്തെ യുണൈറ്റഡ് എതിരാളികളായ ന്യൂകാസിൽ ഇതുവരെ ഒരൊറ്റ മത്സരം വിജയിച്ചിട്ടില്ല. അവർക്ക് ഒപ്പം ഇന്ന് ഫ്രെയ്സറും കാലം വിൽസണും പരിക്ക് കാരണം ഉണ്ടാവുകയുമില്ല. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ നെറ്റ്വർക്കിൽ കാണാം.