മാഞ്ചസ്റ്റർ ‘ദുരിതം’ യുണൈറ്റഡ്!! ലെസ്റ്ററിനു മുന്നിൽ സൂപ്പർ താര നിര ചാരം!!

മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരന്തമായി തന്നെ തുടരുന്നു എന്ന് പറയാം. ഒരിക്കൽ കൂടെ ഒലെയുടെ സൂപ്പർ താര നിര അവരുടെ ആരാധകർക്ക് നിരാശ നൽകിയിരിക്കുകയാണ്. ഇന്ന് ലെസ്റ്ററിന് എതിരായ മത്സരത്തിൽ 4-2ന്റെ പരാജയം ആണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. യുണൈറ്റഡ് പരിശീലകൻ ഒലെയുടെ ഭാവി തന്നെ പ്രതിസന്ധിയിൽ ആക്കുന്ന ഫലമാണിത്.

ഇന്ന് കിംഗ് പവർ സ്റ്റേഡിയത്തിൽ അത്ര നല്ല തുടക്കമായിരുന്നില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്. എങ്കിലും കളിയിൽ ആദ്യം ലീഡ് എടുത്തത് മാഞ്ചസ്റ്റർ ആയിരുന്നു. 19ആം മിനുട്ടിൽ യുവതാരം ഗ്രീൻവുഡിന്റെ ഒരു ലോക നിലവാരമുഅ ഗോളാണ് യുണൈറ്റഡിന് ലീഡ് നൽകിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ കയ്യിൽ നിന്ന് പന്ത് സ്വീകരിച്ച ഗ്രീൻവുഡ് ബോക്സിന് പുറത്ത് നിന്നു ഇടം കാലിൽ നിന്ന് ഒരു റോക്കറ്റ് തൊടുക്കുക ആയിരുന്നു. കാസ്പർ ഷിമൈക്കളിന് പന്ത് കാണാൻ പോലും ആയില്ല. യുവതാരത്തിന്റെ ഈ സീസണിലെ നാലാം ലീഗ് ഗോളായിരുന്നു ഇത്.

കളി യുണൈറ്റഡിന് അനുകൂലമായി പോകുന്നതിന് ഇടയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വയറിന്റെ പിഴവ് ലെസ്റ്ററിന് അനുകൂലമായി മാറിയത്. മഗ്വയർ നഷ്ടപ്പെടുത്തിയ പന്തുമായി യുണൈറ്റഡിനെ ആക്രമിച്ച ലെസ്റ്റർ സിറ്റി യുറി ടൈലമെൻസിലൂടെ സമനില കണ്ടെത്തി. ഗ്രീൻവുഡിന്റെ ഗോൾ പോലെ തന്നെ അതിമനോഹരമായിരുന്നു ടൈലമെൻസിന്റെ ഫിനിഷും. ഈ ഗോളിന് ശേഷം കളി നിയന്ത്രിച്ച ലെസ്റ്റർ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ലീഡ് എടുക്കാൻ അവർക്ക് ആയില്ല.

രണ്ടാം പകുതിയിൽ സാഞ്ചോയ്ക്ക് പകരം യുണൈറ്റഡ് റാഷ്ഫോർഡിനെ കളത്തിൽ ഇറക്കി. ഈ സീസണിലെ റാഷ്ഫോർഡിന്റെ ആദ്യ മത്സരമായുരുന്നു ഇത്. അതുകൊണ്ടും യുണൈറ്റഡ് സ്ഥിതി മെച്ചപ്പെട്ടില്ല. 75ആം മിനുട്ടിൽ യുറി ടൈലമിൻസിന്റെ ഗോളെന്ന് ഉറച്ച് ഷോട്ട് ഡി ഹിയ ഗംഭീര സേവിലൂടെ തടഞ്ഞു. മറുവശത്ത് റൊണാൾഡോക്ക് ഒരു അവസരം കിട്ടി എങ്കിലും ലക്ഷ്യം കണ്ടില്ല.

78 മിനുട്ടിൽ സബ്ബായി എത്തിയ ഡാകയും ഡി ഹിയയെ പരീക്ഷിച്ചു. അപ്പോഴും സ്പാനിഷ് കീപ്പർ രക്ഷകനായി. തൊട്ടടുത്ത മിനുട്ടിൽ വീണ്ടും ഡിഹിയ പരീക്ഷിക്കപ്പെട്ടു. ഒരിക്കൽ കൂടെ ഡാകയുടെ ഷോട്ട് ഡി ഹിയ സേവ് ചെയ്തു എങ്കിലും പിന്നാലെ റീബൗണ്ടിൽ സൊയുഞ്ചു ലെസ്റ്ററിന് ലീഡ് നൽകി. മാഞ്ചസ്റ്ററിന്റെ എവേ ഗ്രൗണ്ടിലെ അപരാജിത റെക്കോർഡ് അവസാനിക്കുകയാണ് എന്ന് തോന്നിയ നിമിഷം.

പക്ഷെ 82ആം മിനുട്ടിൽ യുണൈറ്റഡ് സമനില കണ്ടെത്തി. ലിൻഡെലോഫിന്റെ ലോംഗ് പാസിക് നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ റാഷ്ഫോർഡ് തന്റെ തിരിച്ചുവരവ് ഗോളിലൂടെ അറിയിക്കുക ആയിരുന്നു. കളി 2-2 എന്നായി.

വീണ്ടും നാടകീയത. 84ആം മിനുട്ടിൽ തിരിച്ചടിച്ച് ലെസ്റ്റർ സിറ്റി വീണ്ടും ലീഡ് എടുത്തു. ഇത്തവണ അവരുടെ വിശ്വസ്നായ വാർഡി ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്‌. 91ആം മിനുട്ടിൽ ഡാക ലെസ്റ്ററിന്റെ നാലാം ഗോളും നേടി. ഈ ഗോൾ ലെസ്റ്ററിന്റെ വിജയ ഉറപ്പിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒരു എവേ മത്സരം തോൽക്കുന്നത്.

അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം മാത്രം വിജയിച്ച യുണൈറ്റഡിന് ഈ പരാജയം വലിയ ക്ഷീണമാകും. ലീഗിൽ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. 11 പോയിന്റാണ് ലെസ്റ്ററിന് ഉള്ളത്.