മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർച്ച പൂർണ്ണം, കളി തീരും മുമ്പ് ഗ്യാലറി ഒഴിഞ്ഞു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർച്ച പൂർണ്ണമായി എന്ന് പറയേണ്ടി വരും. ആരാധകരും ക്ലബിനെ കൈവിടുകയാണ്. ഇന്നലെ ബേർൺലിക്ക് എതിരെ ഓൾഡ്ട്രാഫോർഡിൽ ഏറ്റ നാണംകെട്ട പരാജയം ആണ് യുണൈറ്റഡ് ആരാധകരുടെ ക്ഷമയും അവസാനിപ്പിച്ചത്. ഇന്നലെ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ബേർൺലി മാഞ്ചസ്റ്ററിൽ വന്ന് യുണൈറ്റഡിനെ തോൽപ്പിച്ചത്. 1962ലാണ് ഇങ്ങനെ മാഞ്ചസ്റ്ററിൽ വന്ന് ബേർൺലി ഒരു ജയം ഒപ്പിച്ചത്.

ക്ലബിനെതിരെയും ക്ലബ് ഉടമകൾക്ക് എതിരെയും രോഷാകുലരായ ആരാധകർ മത്സരം അവസാനിക്കും മുമ്പ് ഗ്യാലറി വിടുന്നതും ഇന്നലെ കാണാനായി. 80ആം മിനുട്ട് മുതൽ ആരാധകർ സ്റ്റേഡിയം വിട്ടു പോകാൻ തുടങ്ങി. കളി 90ആം മിനുട്ടിൽ എത്തിയപ്പോഴേക്കും സ്റ്റേഡിയം മൊത്തം ഒഴിഞ്ഞ അവസ്ഥയായിരുന്നു. മുമ്പ് അവസാന വിസിൽ വരെ അത്ഭുതങ്ങൾ കാണിച്ച ടീമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫെർഗീ ടൈം എന്ന് ഇഞ്ച്വറി ടൈമിന് വിളിപ്പേര് വാങ്ങിക്കൊടുത്ത ക്ലബിന്റെ ആരാധകർ ആണ് 90ആം മിനുട്ടിലേക്ക് പ്രതീക്ഷകൾ കൈവിട്ട് ഇറങ്ങിപോയത്.

ക്ലബ് ഉടമകളായ ഗ്ലേസേഴ്സിനെതിരെയും ക്ലബിന്റെ ഡയറക്ടർ ആയ എഡ് വൂഡ്വാർഡിനെതിരെയും ചാന്റ്സുകൾ പാടിയായിരുന്നു ഇന്നലെ ഭൂരിഭാഗം സമയത്തും ക്ലബ് ആരാധകർ ഗ്യാലറിയിൽ ഇരുന്നത്. ടീമിലെ പ്രധാന താരങ്ങൾ എല്ലാം പരിക്കേറ്റ് പുറത്തായിട്ടും ആവശ്യമുള്ള താരങ്ങളെ പോലും വാങ്ങാത്തത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ കടുത്ത നടപടികളിലേക്ക് എത്തിക്കുന്നത്.

Advertisement