Picsart 24 04 05 02 53 26 992

ഫുട്ബോൾ റോളർകോസ്റ്റർ!!! 99ആം മിനുട്ടിൽ 3-2ന് മാഞ്ചസ്റ്റർ മുന്നിൽ, ഫൈനൽ വിസിലിൽ 4-3ന് ചെൽസി വിജയം!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ഒരു അത്ഭുത ത്രില്ലറിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് 97 മിനുട്ട് വരെ 3-2ന് മുന്നിട്ടു നിന്ന മത്സരത്തിൽ ചെൽസി 4-3ന് വിജയിച്ചു. അവസാന രണ്ടു മിനുട്ടിൽ രണ്ട് ഗോളുകൾ നേടിയാണ് ചെൽസി വിജയിച്ചത്. പാൽമർ ഹാട്രിക്ക് ആണ് ചെൽസിയെ വിജയത്തിലേക്ക് എത്തിച്ചത്.

ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ ഒരു എന്റർടെയ്നർ തന്നെയാണ് കാണാൻ ആയത്. ചെൽസിയാണ് മികച്ച രീതിയിൽ കളി ആരംഭിച്ചത്. നാലാം മിനുട്ടിൽ തന്നെ ചെൽസി ലീഡ് എടുത്തു‌. ഗാലഗറിലൂടെ ആയിരുന്നു ചെൽസി ലീഡ് എടുത്തത്.

19ആം മിനുട്ടിൽ ആന്റണി വഴങ്ങിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് പാൽമർ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. ചെൽസി അനായാസ വിജയത്തിലേക്കാണെന്ന് തോന്നിപ്പിച്ച നിമിഷം. എന്നാൽ കളി മാറാൻ അധികം സമയമെടുത്തില്ല.

34ആം മിനുട്ടിൽ ചെൽസി മധ്യനിര താരം കൈസേദോയുടെ അബദ്ധം ഗർനാചോയ്ക്ക് ഒരു അവസരം നൽകി. ഗർനാചോ പന്തുമായി കുതിച്ച് ഫിനിഷ് ചെയ്ത് യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

39ആം മിനുട്ടിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടി. ഇടതു വിങ്ങിൽ നിന്ന് ഡാലോട്ട് നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണോയുടെ ഫിനിഷ്. സ്കോർ 2-2

രണ്ടാം പകുതിയിലും ഇരു ടീമുകളും അറ്റാക്ക് തുടർന്നു. ഒന്നിനു പിറകെ ഒന്നായി ഇരുടീമുകളും അറ്റാക്കുകൾ നടത്തി. 68ആം മിനുട്ടിൽ ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ആന്റണി വലതു വിങ്ങിൽ നിന്ന് നൽകിയ മനോഹരനായ പാസ് ഒരു ഹെഡറിലൂടെ ഗർനാചോ വലയിൽ എത്തിച്ചു. 2-0ന് പിറകിൽ നിന്ന ശേഷം 3-2ന്റെ ലീഡ്.

ഇതിനു ശേഷം വിജയം ഉറപ്പിക്കാൻ ആണ് യുണൈറ്റഡ് കളിച്ചത്. ചെൽസി അറ്റാക്കുകൾ നടത്തി. 97ആം മിനുട്ടിൽ ഡിയേഗോ ഡാലോട്ടിന്റെ ഫൗൾ ചെൽസിക്ക് പെനാൾട്ടി നൽകി. പാൽമർ എടുത്ത പെനാൾറ്റി ലക്ഷ്യത്തിൽ എത്തി. സ്കോർ 3-3. ഇവിടെയും അവസാനിച്ചില്ല. 101ആം മിനുട്ടിൽ പാൽമറിന്റെ സ്ട്രൈക്കിൽ ചെൽസി വിജയം പൂർത്തിയാക്കി. താരം ഈ ഗോളോടെ ഹാട്രിക്കും പൂർത്തിയാക്കി.

ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 48 പോയിന്റുമായി ലീഗിൽ ആറാമത് നിൽക്കുന്നു. ചെൽസി 43 പോയിന്റുമായി 10ആം സ്ഥാനത്താണ്.

Exit mobile version