Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ ആറ് ലെസ്റ്റർ താരങ്ങൾ ഉണ്ടാകില്ല

ലെസ്റ്റർ സിറ്റി അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് നേരിടേണ്ടത്. എന്നാൽ അന്ന് കളത്തിൽ ഇറങ്ങുമ്പോൾ അവരുടെ ആറ് പ്രധാന താരങ്ങൾ ടീമിൽ ഉണ്ടാകില്ല. മാഡിസൺ, ബെൻ ചില്വെൽ, ഫുച്സ്, ഡാനിയൽ അമാർടി, റിക്കാർഡോ പെരേര എന്നിവർ പരിക്ക് കാരണം നാളെ പുറത്തായിരിക്കും. ഒപ്പം അവരുടെ പ്രധാന സെന്റർ ബാക്കായ സൊയുഞ്ചുവും പുറത്തായിരിക്കും. ബൗണ്മതിന് എതിരായ മത്സരത്തിൽ കിട്ടിയ ചുവപ്പ് കാർഡാണ് സൊയുഞ്ചുവിനെ പുറത്തിരുത്തുന്നത്.

സൊയുഞ്ചുവിന്റെ അഭാവത്തിൽ എവൻസും സീനിയർ താരം മോർഗനും ആയിരിക്കും ഡിഫൻസിൽ പ്രധാനികൾ ആയി ഉണ്ടാവുക. അവസാന രണ്ടു മത്സരങ്ങളിൽ പരിക്ക് കാരണം കളിക്കാതിരുന്ന ആൾബ്രൈറ്റൺ നാളെ ഉണ്ടാകും എന്ന് ലെസ്റ്റർ പരിശീലകൻ ബ്രണ്ടൺ റോഡ്ജസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ലെഫ്റ്റ് ബാക്ക് ലൂക് ഷോ നാളെ ഉണ്ടാകില്ല. ലെസ്റ്ററിനെതിരെ ഒരു സമനില എങ്കിലും നേടിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ നാലിൽ ഫിനിഷ് ചെയ്യാം.

Exit mobile version