
പ്രീമിയർ ലീഗിൽ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലിവർപൂളിനെ നേരിടും. പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനകാരായ യൂണൈറ്റഡും മൂന്നാം സ്ഥാനക്കാരായ ലിവർപൂളും ഇന്ന് നേർക്ക് നേർ വരുമ്പോൾ അത് ആവേശകരമായ പോരാട്ടത്തിനാവും വഴിവെക്കുക. യൂണൈറ്റഡുമായി 2 പോയിന്റ് മാത്രം വിത്യാസമുള്ള ലിവർപൂളിന് ഇന്ന് ജയിച്ചാൽ രണ്ടാം സ്ഥാനത്ത് എത്താനാവും. യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന പോരാട്ടം ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്കാണ് കിക്കോഫ്.
ക്രിസ്റ്റൽ പാലസിനെതിരെ പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ യുനൈറ്റഡ് എത്തുമ്പോൾ പോർട്ടോക്ക് എതിരായ ഗോൾ രഹിത മത്സരത്തിന് ശേഷമാണ് ലിവർപൂൾ എത്തുന്നത്. 4-3-3 ഫോർമേഷനിൽ തന്നെയാവും മൗറീഞ്ഞോ ടീമിനെ അണിനിരത്തുക. യുനൈറ്റഡ് നിരയിൽ ഹെരേര, ബ്ലിൻഡ് എന്നിവർ പരിക്ക് കാരണം കളിച്ചേക്കില്ല. ആന്റണി മാർഷിയാൽ ഇത്തവണയും ആദ്യ ഇലവനിൽ ഇടം പിടിക്കാൻ സാധ്യത കുറവാണ്. ലിവർപൂൾ മാനെ-സലാഹ്- ഫിർമിനോ സഖ്യത്തെ തന്നെയാവും ആക്രമണത്തിൽ നിർത്തുക. മധ്യനിരയിൽ വൈനാൽടത്തിന് പകരം ചേമ്പർലൈൻ ഇടം നേടിയേക്കും.
ലിവർപൂളിനെതിരെ അവസാനം ഓൾഡ് ട്രാഫോഡിൽ കളിച്ച 13 മത്സരങ്ങളിൽ 10 ലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാവും മൗറീഞ്ഞോയുടെ സംഘം ഇന്നിറങ്ങുക. എങ്കിലും ലീഗിലെ സിറ്റി കഴിഞ്ഞാൽ ഏറ്റവും മികച്ച ആക്രമണ നിരയെ തടുക്കാൻ യുണൈറ്റഡ് പ്രതിരോധത്തിന് പാട് പെടേണ്ടി വരും എന്നുറപ്പാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial