Picsart 23 04 27 02 12 31 827

മാഞ്ചസ്റ്ററിൽ ആഴ്സണൽ സ്വപ്നങ്ങൾ പൊലിഞ്ഞു, കിരീട പോരാട്ടം ഇനി സിറ്റിയുടെ നിയന്ത്രണത്തിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു വലിയ വിജയം. ഇന്ന് സീസണിലെ ഏറ്റവും നിർണായകമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ഗ്വാർഡിയോളയുടെ ടീമിന്റെ വിജയം. ഒരു അസിസ്റ്റും രണ്ട് ഗോളുമയി ഡി ബ്രുയിനെ ഇന്ന് സിറ്റിയുടെ ഹീറോ ആയി.

ഇന്ന് മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ കെവിൻ ഡി ബ്രുയിനെയിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. ഹാളണ്ടിൽ നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ചായിരുന്നു ഡി ബ്രുയിനെയുടെ ഫിനിഷ്. ഇതിനു ശേഷം നിരവധി അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി സൃഷ്ടിച്ചു എങ്കിലും റാംസ്ഡെൽ എല്ലാം തടഞ്ഞ് ആഴ്സണലിന്റെ രക്ഷകനായി. ആദ്യ പകുതിയുടെ അവസാനം പക്ഷെ സ്റ്റോൺസിന്റെ ഹെഡർ ആഴ്സണൽ ഗോൾ കീപ്പറെ കീഴ്പ്പെടുത്തി. സ്കോർ 2-0.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ വീണ്ടും സിറ്റിക്കായി ഹാളണ്ട് ഡി ബ്രുയിനെ സഖ്യം ഒരുമിച്ചു. ഹാളണ്ടിന്റെ പാസിൽ നിന്ന് വീണ്ടും ഒരു കെ ഡി ബി ഗോൾ വന്നു‌. സ്കോർ 3-0. ഇതോടെ സിറ്റി വിജയവും ഉറപ്പിച്ചു. 86ആം മിനുട്ടിൽ ഹോൾഡിങിലൂടെ ആഴ്സണൽ ഒരു ഗോൾ മടക്കി എങ്കിലും അപ്പോഴേക്ക് ഏറെ വൈകിയിരുന്നു‌. ഇഞ്ച്വറി ടൈമിൽ ഹാളണ്ടിന്റെ ഗോൾ കൂടെ വന്നതോടെ കളി പൂർത്തിയായി‌.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 31 മത്സരങ്ങളിൽ നിന്ന് 73 പോയന്റിൽ എത്തി. 33 മത്സരങ്ങൾ കളിച്ച ആഴ്സണൽ 75 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുകയാണ്. എന്നാൽ സിറ്റി കയ്യിലുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാൽ ആഴ്സണലിനെക്കാൾ ബഹുദൂരം മുന്നിൽ എത്തും.

Exit mobile version