തുടർച്ചയായ മൂന്നാം ജയം തേടി ചുവന്ന ചെകുത്താന്മാർ ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരെ

പ്രീമിയർ ലീഗിലെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടമായ ഓൾഡ് ട്രാഫോഡിൽ ആണ് പോരാട്ടം.

പ്രീമിയർ ലീഗ് സീസണ് മികച്ച തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത്, രണ്ടു മത്സരങ്ങളിലും നാല് ഗോളുകൾ വീതം നേടിയ മാഞ്ചസ്റ്റർ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ലുകാകുവിന്റെ നേതൃത്വത്തിൽ ഉള്ള മുന്നേറ്റ നിര മികച്ച ഫോമിൽ ആണുള്ളത്. രണ്ടു മത്സരങ്ങളിൽ നിന്നായി 3 ഗോളുകൾ നേടിയ ലുകാകുവും 2 ഗോൾ നേടിയ പോഗ്ബയും 4 അസിസ്റ്റുകൾ സ്വന്തം പേരിലാക്കിയ മിഖിതാര്യനും ചേരുമ്പോൾ ലെസ്റ്റർ പ്രതിരോധ നിര പരുങ്ങുമെന്നു ഉറപ്പാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങി ഗോൾ കണ്ടെത്തിയ ആന്തണി മാർഷ്യൽ രാഷ്‌ഫോർഡിനു പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഇറങ്ങിയ ടീമിൽ നിന്ന് മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. ലൂക് ഷോയും ആഷ്‌ലി യങ്ങും പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട് എങ്കിലും ടീമിൽ ഇടം പിടിക്കാൻ സാധ്യതയില്ല.

കഴിഞ്ഞ സീസണിലെ തകർച്ചക്ക് ശേഷം പുതിയ മാനേജർ ഷേക്സ്പിയറിന്റെ കീഴിൽ ഒരു മടങ്ങി വരവിന് ശ്രമിക്കുകയാണ് ലെസ്റ്റർ സിറ്റി. ആർസെനലിനെതിരായ ആദ്യ മത്സരത്തിൽ പൊരുതി തോറ്റു എങ്കിലും രണ്ടാമത്തെ മത്സരത്തിൽ ബ്രൈട്ടനെ തോൽപ്പിച്ചു വിജയ വഴിയിൽ തിരിച്ചെത്തിയിട്ടുണ്ട് ലെസ്റ്റർ സിറ്റി. വാർഡിയും ഒകാസാകിയും ഫോമിൽ ആണെന്നുള്ളത് ഷേക്സ്പിയറിനു ആശ്വാസമാകും.

കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയിരുന്നു രണ്ടു മത്സരങ്ങളിലും വിജയം. ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു യുണൈറ്റഡ് വിജയിച്ചത്. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസറേയുടെ കൂറ്റന്‍ സ്കോറിനെ മറികടന്ന് വാര്‍വിക്ക്ഷയര്‍
Next articleജയം മാത്രം ലക്ഷ്യമിട്ട് സിറ്റി, വെസ്റ്റ് ഹാമിന് എതിരാളികൾ ന്യൂകാസിൽ