ലുക് ഷോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിന് അന്ത്യമാവുന്നു

- Advertisement -

ഇംഗ്ലണ്ടിന്റെ യുവ ഡിഫൻഡർ ലുക് ഷോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിന് അന്ത്യമാവുന്നു, പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം വരുന്ന ട്രാൻസ്‌ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ലെഫ്റ്റ് ബാക്കിനെ വിൽക്കാൻ തയ്യാറാണ് എന്നാണു. 22കാരനായ ലുക് ഷോ സീസണിൽ ഇതുവരെ ആകെ രണ്ടു മത്സരങ്ങളിൽ ആണ് യുണൈറ്റഡിന് വേണ്ടി കളത്തിൽ ഇറങ്ങിയിട്ടുള്ളത്. ഏകദേശം 20 മില്യൺ പൗണ്ട് തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ യുവ ഡിഫൻഡർക്ക് വിലയായി നിശ്ചയിരിക്കുന്നത്.

2014ൽ വാൻ ഹാലിന്റെ സമയത്തായിരുന്നു ലുക് ഷോ സൗത്താംപ്ടണിൽ നിന്നും ഏകദേശം 30മില്യൺ പൗണ്ട് തുകക്ക് യുണൈറ്റഡിൽ എത്തുന്നത്. ആ സമയത്ത് ഒരു ടീനേജരുടെ ഏറ്റവും ഉയർന്ന ട്രാൻസ്‌ഫർ ഫീ ആയിരുന്നു അത്. ഇംഗ്ലണ്ടിന്റെയും യൂണൈറ്റഡിന്റേയും ഭാവി വാഗ്‌ദാനം ആയി വിലയിരുത്തപ്പെട്ടിരുന്ന ലുക് ഷോ, തുടർച്ചയായി വരുന്ന പരിക്കുകൾ മൂലം പ്രതീക്ഷകൾക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. 2015ൽ പി.എസ്.വിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷോക്ക് ഒരു വര്ഷത്തോളമാണ് കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. പരിക്ക് മാറി തിരിച്ചു വന്നെങ്കിലും ഫോമിലേക്ക് തിരിച്ചെത്താത്തതും മൗറീൻഹോയുടെ ഗുഡ് ബുക്കിൽ ഇടം നേടാൻ കഴിയാഞ്ഞതും ആണ് ഷോയുടെ യുണൈറ്റഡ് കരിയർ അവസാനിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിലവിൽ തുർക്കിഷ് ക്ലബ് ഫെനർബാഷെ ഷോക്ക് വേണ്ടി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ആണ് ഷോക്ക് താല്പര്യം. ചെൽസി, ആഴ്‌സണൽ, ടോട്ടൻഹാം ഹോട്സ്പർ എന്നീ ടീമുകൾ ഷോയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement