ഇന്നെങ്കിലും ഒരു ഗോളടിക്കാമെന്ന മോഹവുമായി ക്രിസ്റ്റൽ പാലസ് ചുവന്ന ചെകുത്താന്മാർക്കെതിരെ

പ്രീമിയർ ലീഗിലെ ഏഴാം മത്സരദിനത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടും. പ്രീമിയർ ലീഗിൽ ഇതിലും മികച്ച ഒരു തുടക്കം മാഞ്ചസ്റ്ററിനും ഇതിലും മോശം തുടക്കം ക്രിസ്റ്റൽ പലാസിനും ഇനി ലഭിക്കാനില്ല. ആറു മത്സരങ്ങളിൽ അഞ്ചും വിജയിച്ച യുണൈറ്റഡ് മികച്ച ഫോമിൽ ആണുള്ളത്, അതെ സമയം ക്രിസ്റ്റൽ പാലസ് മത്സരിച്ച ആറിലും പരാജയം രുചിക്കുകയായിരുന്നു.

ഹോം ഗ്രൗണ്ടിൽ തകർപ്പൻ ഫോമിൽ ആണ് മാഞ്ചസ്റ്റർ യൂണൈറ്റഡുള്ളത്‌. മല്സരിച്ച മൂന്നു മത്സരങ്ങളിലും വിജയിച്ച യുണൈറ്റഡ് 10 ഗോളുകൾ അടിച്ചപ്പോൾ ഒരു ഗോൾ പോലും തിരികെ വാങ്ങിയിട്ടില്ല. സ്‌ട്രൈക്കർ ലുകാകു മികച്ച ഫോമിലാണുളളത് എന്നത് യുണൈറ്റഡിനു ആത്മവിശ്വാസമേകും. പരിക്ക് മൂലം ചാമ്പ്യൻസ് ലീഗിൽ നിന്നും വിട്ടു നിന്ന ഫെല്ലെയ്‌നി, ജോൺസ് എന്നിവർ ടീമിലേക്ക് തിരികെയെത്തിയേക്കും. അന്റോണിയോ വലൻസിയ കളിക്കുന്ന കാര്യം സംശയത്തിലാണ്. മികച്ച ഫോമിൽ കളിക്കുന്ന മാര്ഷ്യലിനെ ഹോസെ മൗറീൻഹോ ടീമിൽ ഉൾപ്പെടുത്തിയേക്കും.

ഇതുവരെ ലീഗിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ ലീഗ് ടേബിളിൽ ഏറ്റവും അടിത്തട്ടിലാണ് ക്രിസ്റ്റൽ പാലസിന്റെ സ്ഥാനം. പരിക്ക് മൂലം ബെന്റകെയും വിൽഫ്രഡ് സാഹയും ടീമിൽ ഇല്ലത്തത് റോയ് ഹോഡ്സണ് തലവേദനയാവും. മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഒരു വിജയം എന്നത് കഠിനമാവും.

പ്രീമിയർ ലീഗിൽ കഴിഞ്ഞ 16 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 13 തവണയും വിജയം ഓൾഡ് ട്രാഫോഡ് ടീമിനായിരുന്നു, 3 തവണ മത്സരം സമനിലയിൽ കലാശിച്ചു.
ഇന്ത്യൻ സമയം രാത്രി 7.30നു ആണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് തീപാറും പോരാട്ടം
Next articleബെയ്‌ലിക്ക് ആദ്യ ഗോൾ, ഷാൽകെ ലെവർകൂസൻ മത്സരം സമനിലയിൽ