മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വാറ്റ്‌ഫോഡിന്റെ വെല്ലുവിളി

- Advertisement -

പ്രീമിയർ ലീഗിൽ മിഡ്‌വീക് ഫിക്‌സ്ച്ചറിൽ ഇന്ന് വാറ്റ്ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. വാറ്റ്ഫോഡിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആണ് കിക്കോഫ് നടക്കുക.

ബ്രൈറ്റൺ താരത്തിനെ ചവിട്ടിയതിന് ലുക്കാകുവിന് ബാൻ ഒന്നും ലഭിക്കില്ല എന്നതിന്റെ ആശ്വാസത്തിൽ ആണ് യുണൈറ്റഡ് ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം കണ്ടെത്തിയ ലുക്കാക്കു ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണെ തോൽപ്പിച്ച അതേ ടീമിനെ തന്നെ നിലനിർത്താനായിരിക്കും മൗറീൻഹോ ശ്രമിക്കുക. സ്‍ലാറ്റൻ ഇബ്രാഹിമോവിച്ചിനു ബെഞ്ചിൽ തന്നെയായിരിക്കും സ്ഥാനം. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം കൂടാതിരിക്കാൻ ഇന്ന് വിജയം അനിവാര്യമാണ്.

മാർക്കോസ് സിൽവയുടെ വാറ്റ്ഫോഡ് മികച്ച ഫോമിൽ ആണുള്ളത്. കഴിഞ്ഞ മത്സരങ്ങളിൽ വെസ്റ്റ് ഹാമിനെയും ന്യൂകാസിലിനെയും പരാജയപ്പെടുത്തിയ സംഘത്തിലേക്ക് ക്യാപ്റ്റൻ ട്രോയ് ഡീനെ കൂടെ തിരിച്ചെത്തുന്നതോടെ ടീം ഒന്നുകൂടെ ശക്തമാവും. മാർക്കോസ് സിൽവയുടെ വജ്രായുധമായ റിച്ചാർലിസൻ മികച്ച ഫോമിലാണ് എന്നുള്ളത് പ്രധാന ഘടകമാണ്.

കഴിഞ്ഞ 13 തവണ യുണൈറ്റഡും വാറ്റ്ഫോഡും തമ്മില് ഏറ്റുമുട്ടിയപ്പോൾ 12 തവണയും യുണൈറ്റഡിന് ആയിരുന്നു വിജയം. കഴിഞ്ഞ സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ആയിരുന്നു യുണൈറ്റഡിന്റെ ഏക പരാജയം. പക്ഷെ മാർക്കോസ് സിൽവയുടെ കീഴിൽ പ്രകടനമാണ് വാറ്റ്ഫോഡ് കാഴ്ചവെക്കുന്നത് എന്നത് കൊണ്ട് തന്നെ മികച്ച മത്സരം പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement