മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസനൽ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസനൽ പോരാട്ടം നവംബർ 19ന്. ഇന്ത്യൻ സമയം വൈകുന്നേരം ആറു മണിക്കാണ് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ജോസ് മൊറിഞ്ഞോയുടെ കീഴിൽ ആദ്യമായിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആർസനലിനെ നേരിടാനിറങ്ങുന്നത്. വളരെ മോശം ഫോമിലായിരുന്ന ജോസ് മൊറിഞ്ഞോയെ കഴിഞ്ഞ സീസണിൽ ചെൽസി പുറത്താക്കിയതിന് ശേഷമാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചായി ഈ വർഷം ചുമതലയേറ്റത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷവും ജോസിന്റെയും മാഞ്ചസ്റ്ററിന്റെയും പ്രകടനം ശരാശരിക്കും താഴെയാണ്. 11 കളികളിൽ കേവലം 18 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു നേടാനായത്. മറുഭാഗത്ത് ആർസൻ വെംഗറിന്റെ കീഴിൽ ആർസനൽ മികച്ച ഫോമിലാണ്. പ്രീമിയർ ലീഗ് ഓപ്പണിംഗ് ഡേക്ക് ശേഷം തോൽവി അറിയാതെയുള്ള കുതിപ്പിലാണ് ആർസനൽ.

റൈവൽറി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫാൻസിനെ എക്കാലത്തും ആവേശത്തിലാക്കുന്ന മത്സരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ആർസനലും തമ്മിലുള്ളത്. മികച്ച ചരിത്രവും പാരമ്പര്യവുമുള്ള രണ്ട് ക്ലബ്ബുകളും 1919 മുതൽ ഒരേ ഡിവിഷനിൽ ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ തൊണ്ണൂറുകളോട് അടുത്താണ് റൈവൽറി ഉച്ഛസ്ഥായിയിൽ എത്തുന്നത്. തൊണ്ണൂറുകളിൽ ഫെർഗ്യൂസൻറെയും വെംഗറിന്റെയും പരിശീലനത്തിൽ നടന്ന കളികൾ പലപ്പോഴും പരുക്കൻ കളികൾക്കും കളിക്കളത്തിലെ വാഗ്വാദങ്ങൾക്കും ഇടയായിരുന്നു. എന്നാൽ ടൈറ്റിൽ പോരാട്ടത്തിൽ ആർസനൽ പുറകിൽ വന്നതോടെ റൈവൽറി കഴിഞ്ഞ ഏതാനും വർഷങ്ങളായി താരതമ്യേന തണുത്ത നിലയിലാണ്.

കണക്കുകൾ

ഇതുവരെ 223 തവണകളാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അതിൽ 94 തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചപ്പോൾ 80 തവണ ആർസനലിന്റെ ഒപ്പമായിരുന്നു വിജയം. 49 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്‌സാണ് (50 ) ഏറ്റവും കൂടുതൽ ഡെർബി കളിച്ചത്. മാഞ്ചസ്റ്ററിന്റെ തന്നെ വെയിൻ റൂണിയാണ് (9 )ഡെർബിയിൽ ഏറ്റവും കൂടുതൽ വട്ടം വല കുലുക്കിയത്.2011-2012 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ 8-2 ന്റെ വിജയമാണ് ഇതുവരെയുള്ളതിൽ മാഞ്ചസ്റ്ററിന്റെ ഏറ്റവും വലിയ വിജയവും ആഴ്‌സനലിനെ ഏറ്റവും വലിയ പരാജയവും.

അവസാനം കണ്ടപ്പോൾ

ഓൾഡ് ട്രഫോഡിൽ വെച്ച് 2016 ഫെബ്രുവരി 28നു ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമായിരുന്നു. തന്റെ പ്രീമിയർ ലീഗ് കന്നി മത്സരത്തിൽ രണ്ട് ഗോളുകൾ നേടി മാർക്കസ് റാഷ്‌ഫോഡ് യുണൈറ്റഡിന്റെ വിജയശിൽപിയായി.

സീസണിലെ ഫോം

പ്രീമിയർ ലീഗ് ഓപ്പണിംഗ് ഡേയിൽ ലിവർപൂളിനോടേറ്റ പരാജയത്തിന് ശേഷം ഇതുവരെ ആർസനൽ മറ്റൊരു പരാജയം രുചിച്ചിട്ടില്ല. 11 കളികളിൽ നിന്നും 24 പോയിന്റുകളുമായി നാലാം സ്ഥാനത്തുള്ള ആർസനൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായി കേവലം രണ്ട് പോയിന്റ് വ്യത്യാസത്തിലാണ്.11 കളികളിൽ 18 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. കഴിഞ്ഞ 5 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് യുണൈറ്റഡിന് നേടാനായത്. ആർസനലുമായുള്ള കളി ജോസ് മൊറിഞ്ഞോയുടെ കുട്ടികൾക്ക് നിർണായകമാണ്.

ഓർമ്മകൾ : 2014ൽ വെംഗറും മൊറിഞ്ഞോയും കയ്യാങ്കളിയിൽ എത്തിയപ്പോൾ (Photo Courtesy: David Price/Arsenal FC via Getty Images)

ആർസൻ വെംഗർ – ജോസ് മൊറിഞ്ഞോ പോര്

മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസണൽ പോരാട്ടത്തോടൊപ്പം കളിക്കളത്തിനു പുറത്ത് ആർസൻ വെംഗർ – ജോസ് മൊറിഞ്ഞോ പോരും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. വർഷങ്ങളായി തുടരുന്ന വെംഗർ-ജോസ് ശത്രുത മൂർദ്ധന്യാവസ്ഥയിൽ എത്തുന്നത് 2014ൽ കളിക്കളത്തിനു പുറത്ത് ഇരുവരും നേരിട്ട് ഏറ്റുമുട്ടിയതോട് കൂടിയാണ്. അതേ സമയം കളിക്ക് മുമ്പ് പതിവുപോലെ മൊറിഞ്ഞോയുമായി ഹസ്തദാനം ചെയ്യുമെന്നും മാനേജറുകൾ തമ്മിലല്ല ടീമുകൾ തമ്മിലാണ് കളിയെന്നും പ്രീമാച്ച് പത്രസമ്മേളനത്തിൽ വെംഗർ പറഞ്ഞു.

ടീം വാർത്തകൾ

സ്വാൻസി സിറ്റിക്കെതിരായ കഴിഞ്ഞ കളിയിൽ കിട്ടിയ മഞ്ഞക്കാർഡോടെ സസ്‌പെൻഷൻ ലഭിച്ച സ്ലാറ്റാൻ ഇബ്രാഹിമോവിച്ചിന് ആർസനലുമായുള്ള കളി നഷ്ടമാവും. സ്ലാറ്റാനു പകരം മുൻനിരയിൽ റാഷ്ഫോഡ് കളിക്കാനാണ് സാധ്യത. സ്പെയിനിനെതിരായ ഇംഗ്ലണ്ടിന്റെ സൗഹൃദ മത്സരത്തിൽ നേരിയ പരിക്കേറ്റെങ്കിലും ശനിയാഴ്ച വെയിൻ റൂണി കളിക്കുമെന്നാണ് സൂചന. ആർസനൽ നിരയിൽ പ്രതിരോധതാരം ഹെക്ടർ ബെല്ലറിൻ പരിക്കേറ്റു പുറത്താത് ആർസനൽ നിരയെ ആശങ്കയിലാക്കുന്നുണ്ട്. പരിക്ക് മൂലം കഴിഞ്ഞ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങൾ നഷ്ടപ്പെട്ട സാന്റി കാസ്രോളയും അടുത്തതൊന്നും ടീമിൽ തിരിച്ചെത്തില്ലെന്ന സൂചനയാണ് പ്രീ മാച്ച് പത്രസമ്മേളനത്തിൽ വെംഗർ അറിയിച്ചത്. ബെല്ലറിന് പകരം വിശ്വസിക്കാവുന്നൊരു ഡിഫൻഡർ ഇല്ലാത്തത് വെംഗറിനു തലവേദനയാണ്.

ലൈവ് കവറേജ്

പ്രീമിയർ ലീഗ് മത്സരങ്ങൾ എല്ലാം സ്റ്റാർ സ്പോർട്സ് HD ചാനലിൽ മാത്രമായിരിക്കും ലഭിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസണൽ പോരാട്ടം സ്റ്റാർ സ്പോർട്സ് സെലക്ട് 1 HDയിൽ വീക്ഷിക്കാം. ഹോട്ട്സ്റ്റാർ പ്രീമിയം മെമ്പർഷിപ് ഉള്ളവർക്ക് ഹോട്ട്സ്റ്റാർ മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ മത്സരം തൽസമയം കാണാവുന്നതാണ്.

പ്രവചനം

മികച്ച ഫോമിലുള്ള ആർസനൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തും എന്നാണ് ഫാൻപോർട്ടിന്റെ പ്രവചനം.